തളിപ്പറമ്പ്: റോഡിൽ വാഹനങ്ങൾ കയറിയിറങ്ങി കീറിപ്പറഞ്ഞ ബാഗിൽ പണം കണ്ടപ്പോൾ പിന്നെ അമാന്തിച്ചില്ല, ഉടമയെ തേടിയിറങ്ങി ഒരുകൂട്ടം ഓട്ടോ ഡ്രൈവർമാർ. ഈ ഉദ്യമത്തിന് ഒടുവിൽ ഫലവും കണ്ടു. പോലീസിന്റെയും സഹായത്തോടെ നടത്തിയ തെരച്ചിലിനൊടുവിൽ ഉടമയെ കണ്ടെത്തി, പണം അടങ്ങിയ ബാഗ് കൈമാറുകയും ചെയ്തു.
പോലീസ് സാന്നിധ്യത്തിൽ ഓട്ടോഡ്രൈവർമാർ ചേർന്ന് തിരിച്ചേൽപ്പിച്ചപ്പോൾ ബാഗിന്റെ ഉടമയ്ക്കും പണം തിരിച്ച് നൽകിയ ഓട്ടോഡ്രൈവർമാർക്കും പുതുവർഷം കുറച്ചുകൂടി കളറായി. കപ്പാലത്തിനു സമീപത്തു വച്ചാണ് ഗംഗാധരൻ റോഡിൽ ബാഗ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ഓട്ടോ ലേബർ യൂണിയൻ (സിഐടിയു) ഭാരവാഹികളെ അറിയിച്ചു.
ബാഗിൽ ഉടമയെ കുറിച്ചുള്ള വിവരങ്ങളില്ലാത്തതിനാൽ വിവിധ വാട്‌സാപ് ഗ്രൂപ്പുകളിൽ ഓട്ടോഡ്രൈവർമാർ വിവരം കൈമാറി. ഇത് കണ്ട് ബാഗിന്റെ ഉടമയായ തലവിലെ അധ്യാപകൻ ദാമോദരൻ ഇവരുമായി ബന്ധപ്പെടുകയായിരുന്നു. തലേന്ന് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുമ്പോൾ ബാഗ് താഴെ വീണുപോയതായിരുന്നു. വിവരം പോലീസിൽ അറിയിച്ച് അന്വേഷണം നടത്തികൊണ്ടിരിക്കവെയാണ് ഓട്ടോഡ്രൈവർമാരുടെ സത്യസന്ധതയിൽ ബാഗ് വീണ്ടും കൈകളിലെത്തിയത്.