കല്‍പ്പറ്റ: വയനാട്ടില്‍ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. മേപ്പാടി ചുണ്ടേല്‍ റോഡില്‍ ആണ് അപകടം. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ കാറിലും ബസിലും ഉണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. മലപ്പുറം തിരൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ബസില്‍ ചെന്നിടിക്കുകയായിരുന്നു.
ചുണ്ടേല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടീപീസ് എന്ന ബസിലാണ് മേപ്പാടി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ചെന്നിടിച്ചത്. അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരില്‍ ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബസ് യാത്രക്കാരിയായിരുന്ന കുന്നമ്പറ്റ സ്വദേശിനിയായ മിനിക്ക് കാലില്‍ മുറിവേറ്റിട്ടുണ്ട്.
ഇവരെ അരപ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റു യാത്രക്കാരെ മേപ്പാടിയിലെ സ്വകാര്യ മേഡിക്കല്‍ കോളേജ് ആശുപത്രിയിലും മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.