തളിപ്പറമ്പ്: റോഡില്‍ വാഹനങ്ങള്‍ കയറിയിറങ്ങി കീറിയ നിലയില്‍ കണ്ടെത്തിയ ബാഗിന്റെ ഉടമയെ കണ്ടെത്തി പണം തിരിച്ചേല്‍പ്പിച്ച് മാതൃകയായി നെല്ലിപ്പറമ്പിലെ ഓട്ടോഡ്രൈവര്‍ കെ ഗംഗാധരന്. കീറിയ ബാഗെടുത്ത് നോക്കിയപ്പോഴാണ് അകത്ത് 15000 ത്തോളം രൂപ കണ്ടെത്തിയത്. തലവിലെ അധ്യാപകനായിരുന്ന ദാമോദരന്റെ ബാഗാണ് നഷ്ടമായിരുന്നത്.
ബാഗിന്റെ അവകാശികളെ കണ്ടെത്തി ഇന്നലെ പോലീസ് സാന്നിധ്യത്തില്‍ ഓട്ടോഡ്രൈവര്‍മാര്‍ ചേര്‍ന്ന് തിരിച്ചേല്‍പ്പിച്ചു. കപ്പാലത്തിനു സമീപത്തു വച്ചാണ് ഗംഗാധരന് റോഡില്‍ ബാഗ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഓട്ടോ ലേബര്‍ യൂണിയന് (സിഐടിയു) ഭാരവാഹികളെ അറിയിച്ചു.
ബാഗില്‍ ഉടമയെ കുറിച്ചുള്ള വിവരങ്ങളില്ലാത്തതിനാല്‍ വിവിധ വാട്സാപ് ഗ്രൂപ്പുകളില്‍ ഓട്ടോഡ്രൈവര്‍മാര്‍ വിവരം കൈമാറി. ഇതുകണ്ട ബാഗിന്റെ ഉടമയായ ദാമോദരന്‍ ഇവരുമായി ബന്ധപ്പെടുകയായിരുന്നു. തലേന്ന് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്പോള്‍ ബാഗ് താഴെ വീണതാണ്. പോലീസിലും വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് ദാമോദരന്റെ മകനെത്തിയാണ് പോലീസ് സാന്നിധ്യത്തില്‍ ബാഗ് ഏറ്റുവാങ്ങിയത്.
Discussion about this post