ഇതാണ് കേരളത്തിന്റെ ശരിക്കും ‘കളക്ടര്‍ മാമന്‍’ വിആര്‍ കൃഷ്ണതേജ ഐഎഎസ്. കൊവിഡ് അനാഥരാക്കിയ മുഴുവന്‍ കുട്ടികളെയും സംരക്ഷിക്കുന്ന ഇന്ത്യയിലെ ഏക ജില്ലയായി ഇന്ന് ആലപ്പുഴ അറിയുന്നുണ്ടെങ്കില്‍ അതിന്റെ ഒരേയൊരു കാരണം കുട്ടികളുടെ ഈ കളക്ടര്‍ മാമന്‍ തന്നെയാണ്.
ഊണിലും ഉറക്കത്തിലും കുട്ടികള്‍ക്കുവേണ്ടി പോരാടുന്ന കൃഷ്ണതേജ, പെരുവഴിയിലാകേണ്ട നിരവധി കുരുന്നുകളുടെ ഭാവിയാണ് സുരക്ഷിതമാക്കിയത്. കൊവിഡ് കാരണം മാതാപിതാക്കളില്‍ ഒരാളെയെങ്കിലും നഷ്ടമായ 293 കുട്ടികളുണ്ട് ജില്ലയില്‍. മാതാപിതാക്കള്‍ രണ്ടുപേരും ഇല്ലാത്ത 13 പേര്‍, ഒരു രക്ഷാകര്‍ത്താവെങ്കിലും മരിച്ച 280 പേര്‍ അവരെല്ലാം ഇന്ന് സുരക്ഷിതരാണ്.
കൊവിഡ് കാലത്തിനു ശേഷം ഇവരില്‍ 130 കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ലായിരുന്നു. ഇപ്പോള്‍ ഏതാനുംപേര്‍ ഒഴികെ എല്ലാവരും തിരികെ സ്‌കൂളില്‍ എത്തിയത് ഇദ്ദേഹത്തിന്റെ പ്രയത്‌നഫലമായാണ്. പത്താം ക്ലാസ് വരെ പഠനത്തിനു വലിയ ചെലവില്ല. പക്ഷെ പ്ലസ് വണ്‍ മുതലുള്ള പഠനമായിരുന്നു പ്രശ്‌നം. അവര്‍ക്കെല്ലാം സ്‌പോണ്‍സര്‍മാരെ കണ്ടെത്താനുള്ള ശ്രമത്തില്‍ അദ്ദേഹം ഒരു പരിധിവരെ വിജയിച്ചു.
ആലപ്പുഴയിലെ കുട്ടികളെ സഹായിക്കാന്‍ സ്വന്തം നാട്ടിലെ പ്രമുഖരോടും അദ്ദേഹം സഹായം തേടി. അങ്ങനെ കേരളത്തില്‍നിന്നും ആന്ധ്രപ്രദേശില്‍നിന്നും ഒരുപോലെ സഹായം കിട്ടി. ഇനിയും ഏറെപ്പേരെ സഹായിക്കാനുണ്ട്. കൃഷ്ണ തേജ ചെയ്യുന്ന കാര്യങ്ങള്‍ അറിയുന്നവര്‍ സന്തോഷത്തോടെ സഹായിക്കാനെത്തുന്നു. ഫെബ്രുവരി അവസാനത്തോടെ കൊവിഡ് അനാഥരാക്കിയ കുട്ടികള്‍ മുഴുവനും പൂര്‍ണ സംരക്ഷണത്തിലാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
Discussion about this post