കൊച്ചി: ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ തിയറ്ററില്‍ നിന്നും പിന്‍വലിച്ചു. ചിത്രത്തിന്റെ ട്രെയിലറിന് എതിരെ എക്‌സൈസ് കേസെടുത്തതിന് പിന്നാലെയാണ് തീരുമാനം. ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് നടക്കുമെന്നും ഒമര്‍ ലുലു അറിയിച്ചു. കഴിഞ്ഞ ദിവസം എക്‌സൈസില്‍ നിന്നും നോട്ടീസ് ലഭിച്ച വിവരവും ഒമര്‍ ലുലു അറിയിച്ചിരുന്നു.
ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് നല്ല സമയത്തിന്റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടിയാണ് എക്‌സൈസ് കേസ് എടുത്തത്. കോഴിക്കോട് എക്‌സൈസ് ഓഫീസാണ് കേസെടുത്തത്. ട്രെയിലറിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കേരള അബ്കാരി ആക്ടിലെ 55-ാം ചട്ടപ്രകാരമാണ് കേസ് എടുത്തത്.
അതേസമയം, ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകള്‍ ഇതിനു മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ടെന്നും തന്റെ സിനിമയ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്നത് എന്തൊക്കെയോ ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്നും ഒമര്‍ ലുലു നേരത്തെ പ്രതികരിച്ചിരുന്നു. ഭീഷ്മപര്‍വത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ടെന്നും അവര്‍ക്കെതിരെ എന്തുകൊണ്ട് കേസ് എടുത്തില്ലെന്നും ഒമര്‍ ചോദിച്ചിരുന്നു.
ഡിസംബര്‍ 30നാണ് നല്ല സമയം റിലീസ് ചെയ്തത്. പിന്നാലെ ആയിരുന്നു എക്‌സൈസ് കേസ്. ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണ് നല്ല സമയം. ഒമര്‍ ലുലുവും ചിത്ര എസും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രതിന്‍ രാധാകൃഷ്ണന്‍ ആണ്.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സ്വപ്‌നേഷ് കെ നായര്‍, സോംഗ് കട്ട് ഹേമന്ദ് കുമാര്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വൈശാഖ് പി വി, സെക്കന്റ് ക്യാമറ അജ്മല്‍ ലത്തീഫ്. കെജിസി സിനിമാസിന്റെ ബാനറില്‍ നവാഗതനായ കലന്തൂര്‍ ആണ് നിര്‍മ്മാണം. ഇര്‍ഷാദ് അലിക്കൊപ്പം പുതുമുഖ നായികമാരാണ് നല്ല സമയത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
Discussion about this post