കൊച്ചി: പുതുവത്സരാഘോഷത്തിനിടെ കൊച്ചിയില്‍ വന്‍ തിരക്കും. വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഫോര്‍ട്ടുകൊച്ചിയിലേക്ക് ജനങ്ങള്‍ ഇരച്ചെത്തുകയായിരുന്നു. കൊച്ചിന്‍ കാര്‍ണിവലില്‍ അര്‍ധരാത്രി പപ്പാഞ്ഞി കത്തിക്കല്‍ ചടങ്ങ് കഴിഞ്ഞയുടനെയാണ് വന്‍ തിക്കും തിരക്കും ഉണ്ടായത്.
അഞ്ചുലക്ഷത്തോളം പേരാണ് പുതുവര്‍ഷം ആഘോഷിക്കാനായി ഫോര്‍ട്ടുകൊച്ചിയില്‍ എത്തിയത്. എന്നാല്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ അധികൃതര് ഒരുക്കിയിരുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
പാപ്പാഞ്ഞിയെ കത്തിക്കല്‍ കഴിഞ്ഞ് പരേഡ് മൈതാനത്തുനിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. കാര്‍ണിവല്‍ നടന്ന സ്ഥലത്തും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ തക്ക ആരോഗ്യ സേവനങ്ങള്‍ ഒന്നും സജ്ജമാക്കിയിരുന്നില്ല.
also read: മൃഗങ്ങളോട് കൊടും ക്രൂരത; കന്നുകാലികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ഒരാള്‍ കൊല്ലത്ത് അറസ്റ്റില്‍
ശ്വാസം മുട്ടല്‍, ഛര്‍ദി തുടങ്ങിയ ശാരീരിക അസ്വാസ്ഥതകളെത്തുടര്‍ന്ന് പൊലീസുകാര്‍ അടക്കം നൂറുകണക്കിന് പേരാണ് ആശുപത്രിയിലെത്തിയത്. കൂടുതല്‍ പേരെത്തിയ ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രിയില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് കുറേപ്പേര്‍ ചികിത്സ കിട്ടാതെ മടങ്ങിയതായും ആക്ഷേപമുണ്ട്.