ഇടുക്കി വാഹനാപകടം: വിദ്യാര്‍ഥികള്‍ വിനോദയാത്ര പോയത് അനുമതിയില്ലാതെ; കോളജ് അധികൃതര്‍

മലപ്പുറം: വളാഞ്ചേരി റീജണല്‍ കോളജില്‍ നിന്ന് വിദ്യാര്‍ഥികള്‍ വിനോദയാത്ര പോയത് തങ്ങളുടെ അനുമതിയില്ലാതെയാണെന്ന് വ്യക്തമാക്കി കോളജ് അധികൃതര്‍. ക്രിസ്മസ് അവധിയായതിനാല്‍ കോളജ് പ്രവര്‍ത്തിക്കുന്നില്ല. കോളജ് ഇത്തരമൊരു യാത്ര സംഘടിപ്പിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

വളാഞ്ചേരി ആതവനാട് സ്വദേശിയായ മില്‍ഹാജ് ആണ് അപകടത്തില്‍ മരിച്ചത്. വളാഞ്ചേരിയിലെ ഒരു ക്ലബ്ബുമായി സഹകരിച്ചാണ് വിദ്യാര്‍ഥികള്‍ ടൂര്‍ സംഘടിപ്പിച്ചതെന്നാണ് സൂചന. മറ്റൊരു കോളജിലെ വിദ്യാര്‍ഥികളും യാത്രയില്‍ ഉണ്ടെന്നാണ് അറിഞ്ഞതെന്നും പ്രിന്‍സിപ്പല്‍ സന്തോഷ് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയോടെയാണ് അടിമാലിയില്‍ ബസ് അപകടത്തില്‍പ്പെട്ടത്. തിങ്കള്‍ക്കാട്ടെ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് ഏറെ നേരമെടുത്താണ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഇന്ന് രാവിലെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വാഹനത്തിനടിയില്‍ കുടുങ്ങിയ നിലയില്‍ മില്‍ഹാജിനെ കണ്ടെത്തിയത്.

Exit mobile version