ഇടുക്കി: തിങ്കൾക്കാടിന് സമീപം കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. മലപ്പുറം സ്വദേശി മിൻഹാജ് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. വളാഞ്ചേരിയിൽനിന്നുള്ള കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
വിദ്യാർഥികൾ വാഗമൺ സന്ദർശിച്ച് മടങ്ങവെ പുലർച്ചെ 1.15-ഓടെയാണ് അപകടം നടന്നത്. തിങ്കൾക്കാട്ടെ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പോലീസും ചേർന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. 41 യാത്രിക്കാർ ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
രണ്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് എല്ലാവരെയും രക്ഷപ്പെടുത്താനായത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ബസിനടിയിൽപ്പെട്ടാണ് മിൻഹാജ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് മിൻഹാജിന്റെ മൃതദേഹം കണ്ടെടുത്തത്.
Discussion about this post