കൊല്ലം: വാഗ്ദാനം ചെയ്ത അത്രയും പാല് പശുവില്‍ നിന്നും ലഭിക്കാതെ വന്നതോടെ നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. ഇതുസംബന്ധിച്ച് ഓയൂര്‍ കാളവയല്‍ ആസാദ് മന്‍സിലില്‍ എ.ആസാദ് ആണ് പരാതി നല്‍കിയത്.
എതിര്‍ കക്ഷികളായ ചെറിയ വെളിനല്ലൂര്‍ സ്വദേശി നൗഷാദ്, ചെറിയ വെളിനല്ലൂര്‍ കാവടി സ്വദേശി രാജേന്ദ്രന്‍ പിള്ള എന്നിവര്‍ ചേര്‍ന്നു 45,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് കമ്മിഷന്‍ അംഗം എസ്.സന്ധ്യാറാണി ഉത്തരവിട്ടത്. 54,750 രൂപ നല്‍കിയാണ് ആസാദ് പശുവിനെ വാങ്ങിയത്.
രാജേന്ദ്രന്‍ പിള്ളയുടെ ഉടമസ്ഥതയിലുള്ള പശുവിനെ നൗഷാദ് വഴിയാണ് ആസാദ് സ്വന്തമാക്കിയത്. 18 ലീറ്റര്‍ പാല്‍ ലഭിക്കുമെന്ന് ഇരുവരും തന്നോട് പറഞ്ഞതായും ആസാദ് പരാതിയില്‍ പറയുന്നു. എന്നാല്‍, പശുവിനു പറഞ്ഞത്രയും പാല്‍ ലഭിച്ചില്ല.
കൂടാതെ അസുഖം ബാധിക്കുകയും ചെയ്തു. തുടര്‍ന്നു, നടത്തിയ പരിശോധനയില്‍ പശുവിനു രോഗമുള്ളതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ആസാദ് പൂയപ്പള്ളി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ല.
പിന്നീട് ആസാദ് സിആര്‍ഡിസിയെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ പശുവിനെ കറന്ന ആള്‍, ചികിത്സിച്ച ഡോക്ടര്‍ എന്നിവരെ കമ്മിഷന്‍ വിസ്തരിച്ചു. തുടര്‍ന്നാണു നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.