പാലാ: വിളിച്ചുപറഞ്ഞ് മാറ്റിവെച്ച ലോട്ടറി ടിക്കറ്റിന് ഉഴവൂർ പുഴോട്ടുതെക്കേപുത്തൻപുരയിൽ വി.കെ.ബാബുവിന് കൈവന്നത് 70 ലക്ഷം രൂപ. പാലായിലെ ശ്രീശങ്കര ലോട്ടറി ഏജൻസിയിൽ നിന്നു വിറ്റ ടിക്കറ്റിനാണ് ലക്ഷങ്ങൾ തേടിയെത്തിയത്. ശ്രീശങ്കര ലോട്ടറി ഉടമ പ്രമോദിന്റെ സത്യസന്ധതയിലാണ് ബാബുവിന്റെ കൈകളിലേയ്ക്ക് 70 ലക്ഷം രൂപ എത്തിയത്.
കേരള ലോട്ടറിയുടെ വെള്ളിയാഴ്ച നറുക്കെടുത്ത നിർമൽ ഭാഗ്യക്കുറിയുടെ എൻ.വി. 8086219 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ബാബു രാവിലെ ശ്രീശങ്കര ലോട്ടറി ഉടമ പ്രമോദിനെ വിളിച്ച് ഇതേ നമ്പറിലുള്ള 12 ടിക്കറ്റുകൾ ആവശ്യപ്പെടുകയായിരുന്നു. ടിക്കറ്റ് അപ്പോൾ തന്നെ മാറ്റിവെയ്ക്കുകയു ചെയ്തു.
വൈകീട്ട് ലോട്ടറിക്ക് സമ്മാനാർഹമായെന്ന വിവരവും പ്രമോദ് തന്നെയാണ് ബാബുവിനെ വിളിച്ച് അറിയിച്ചത്. താൻ പറഞ്ഞ നമ്പറിലുള്ള ടിക്കറ്റുകൾ മാറ്റിവെയ്ക്കാനും സമ്മാനം നേടിയ വിവരം അപ്പോൾ തന്നെ അറിയിക്കാനും പ്രമോദ് തയ്യാറായതിലുള്ള സന്തോഷത്തിലാണ് ഇപ്പോൾ ബാബു. സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്ക് ശാഖയിൽ കൈമറി.