വീട്ടുകാർ അറിയാതെ പ്രണയിച്ച് വിവാഹിതയായ മകൾക്ക് രക്ഷകർത്താക്കളിൽ നിന്നും വിവാഹച്ചിലവിനോ മറ്റു ചിലവുകൾക്കോ അർഹതയില്ലെന്ന് കുടുംബ കോടതി. പാലക്കാട് വടവന്നൂർ സ്വദേശി ശെൽവദാസിന്റെ മകൾ നിവേദിത നൽകിയ ഹർജി തള്ളിയാണ് കോടതിയുടെ പരാമർശം. അച്ഛൻ തനിക്ക് വിവാഹച്ചെലവിന് പണം നൽകിയില്ലെന്നാണ് നിവേദിതയുടെ ആരോപണം.
വിവാഹച്ചിലവായി 35 ലക്ഷം രൂപയും ചെലവിനത്തിൽ 35,000 രൂപയും ലഭിക്കണമെന്ന് നിവേദിത ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 2010 മുതൽ പിതാവ് തനിക്കും അമ്മയ്ക്കും ചെലവിന് നൽകാതെ ക്രൂരത കാണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദിത കുടുംബ കോടതിയെ സമീപിച്ചത്. ഹർജി വിശദമായി പരിശോധിച്ച കുടുംബകോടതി ഇരുവരുടേയും വാദങ്ങളും കേട്ടു.
വാദത്തിനിടയിൽ നിവേദിത ഉന്നയിച്ച് ആരോപണങ്ങൾ തെറ്റാണെന്ന് പിതാവ് ശെൽവദാസ് കോടതിയെ അറിയിച്ചു. മകളെ ബിഡിഎസ് വരെ പഠിപ്പിച്ചുവെന്നും ശെൽവരാജ് പറഞ്ഞു. 2013 ഡിസംബർ വരെ മകൾക്ക് ചെലവിന് നൽകിയെന്നും അദ്ദേഹം കുടുംബകോടതിയെ അറിയിച്ചു. മകൾ വിവാഹം കഴിച്ചത് തന്നെ അറിയിക്കാതെയാണെന്നും തന്നെ അറിയിക്കാതെ വിവാഹം ചെയ്ത മകൾക്ക് വിവാഹച്ചെലവ് നൽക്കാൻ കഴിയില്ലെന്നും ശെൽവരാജ് കോടതിയോട് വ്യക്തമാക്കി.
തന്റെ കൈയിൽ നിന്നും മകൾക്ക് വിവാഹച്ചിലവ് വാങ്ങാൻ അർഹതയില്ലെന്ന പിതാവിന്റെ വാദം പരിശോധിച്ച കോടതി പ്രസ്തുത വാദം അംഗീകരിച്ചു. മകൾ സമർപ്പിച്ച ഹർജികൾ തള്ളിയ കോടതി ശെൽവരാജിന് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു. പ്രണയ വിവാഹം കഴിച്ച മകൾക്ക് പിതാവിൽ നിന്നും വിവാഹച്ചെലവോ മറ്റ് ചെലവുകളോ ലഭിക്കുന്നതിന് അർഹതയില്ലെന്നും കോടതി നിവേദിതയുടെ ഹർജി തള്ളുന്നതായും വിധിച്ച് കുടുംബ കോടതി ജഡ്ദി ഡി സുരേഷ് കുമാർ ഉത്തരവിടുകയുമായിരുന്നു.