കൊല്ലം: മുറ്റത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടിയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം. മയ്യനാട്ടെ രാജേഷ്-ആതിര ദമ്പതികളുടെ ഒന്നരവയസുകാരൻ മകൻ അർണവ് ആണ് നായ്ക്കളുടെ കൂട്ട ആക്രമണത്തിന് ഇരയായത്. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
20ഓളം നായ്ക്കൾ ചേർന്നാണ് കൊച്ചുകുരുന്നിനെ കടിച്ചു പറിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വീടിന്റെ മുറ്റത്തിരുന്ന് കളിക്കുമ്പോഴാണ് കുട്ടിയുടെ നേർക്ക് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഈ സമയം കുട്ടിയുടെ മുത്തശ്ശി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. കരച്ചിൽ കേട്ട് നോക്കുമ്പോൾ തെരുവുനായകൾ ചേർന്ന് കുട്ടിയെ കടിച്ചുപറിക്കുകയായിരുന്നു.
തുടർന്ന് ഇവർ മരക്കഷണം ഉപയോഗിച്ച് തെരുവുനായകളെ അടിച്ചോടിച്ചു. കുട്ടിയെ നായ്ക്കളിൽ നിന്ന് രക്ഷപ്പെടുത്തി. ഉടനടി കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായ്ക്കളുടെ കടിയേറ്റതിനാൽ പേവിഷബാധയ്‌ക്കെതിരായ വാക്‌സിനടക്കമുള്ള ചികിത്സ നൽകി വരികയാണ്. ആവശ്യമെങ്കിൽ കുട്ടിയെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.