പത്തനംതിട്ട: പ്രളയത്തെയും വെള്ളപ്പൊക്കത്തേയും നേരിടാനുള്ള മോക്ക്ഡ്രില്ലിനിടെ കല്ലൂപ്പാറ പടുതോട്ടില്‍ യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് ഗുരുതര വീഴ്ചയെന്ന് നാട്ടുകാര്‍. തകരാറുള്ള സാധനങ്ങളുമായാണു രക്ഷാപ്രവര്‍ത്തനം അനുകരിക്കാനെത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബോട്ട് പ്രവര്‍ത്തിച്ചിരുന്നില്ലെന്നും കെട്ടിവലിച്ചാണ് കരയ്ക്ക് എത്തിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.
കൂടാതെ വെള്ളത്തില്‍ ചാടി മുങ്ങിപ്പോയ ബിനുവിനെ അരമണിക്കൂറിനു ശേഷമാണ് കണ്ടെത്തിയതെന്നും ഒപ്പമിറങ്ങിയവര്‍ ആരോപിച്ചു. ബിനുവിനെ ആശുപത്രിയിലെത്തിച്ച് നടത്തിയത് ചികിത്സാ നാടകം ആയിരുന്നെന്നും ബിനു സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടിരുന്നു എന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
സംഭവത്തില്‍ വീഴ്ചയില്ലെന്നാണ് റവന്യൂ മന്ത്രി പ്രതികരിച്ചത്. അതേസമയം, മരണത്തില്‍ വീഴ്ചയില്ലെന്നും ബിനു കുഴഞ്ഞു വീണതാണെന്നും റവന്യൂ മന്ത്രി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം അനുകരിക്കാനായി മരിച്ച ബിനു സോമനടക്കം നാലു പേരാണ് വെള്ളത്തിലേക്ക് ചാടിയത്. തുടര്‍ന്ന് ബോട്ടിലെത്തിയ എന്‍ഡിആര്‍എഫ് സംഘം ലൈഫ്ബോയ് ട്യൂബ് ഇട്ടു കൊടുക്കുന്നതും ബിനു മുങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
ബിനുവിന്റെ മരണത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. ആറ്റിന്‍തീരത്തുനിന്നു ബിനുവിന്റെ വസ്ത്രങ്ങള്‍ പോലീസ് ശേഖരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം. വിദേശത്തുള്ള സഹോദരി നാട്ടിലെത്തിയശേഷം സംസ്കാര ചടങ്ങുകള്‍ നടക്കും.
Discussion about this post