ലാഹോര്‍: മലപ്പുറത്ത് നിന്ന് കാല്‍നടയായി മക്കയിലേക്ക് പുറപ്പെട്ട ആതവനാട് സ്വദേശി ശിഹാബ് ചോറ്റൂരിന് പാകിസ്താന്‍ ട്രാന്‍സിറ്റ് വിസ നല്‍കണമെന്ന് ആവശ്യപ്പെട്ട് പാക് പൗരന്‍ സുപ്രീംകോടതിയില്‍. നിലവില്‍ പാകിസ്താന്‍ അതിര്‍ത്തിയില്‍ കുടുങ്ങിയിരിക്കുകയാണ് ശിഹാബ്.
പാകിസ്താനിലൂടെ നടന്ന് പോയി ഹജ്ജ് നിര്‍വഹിക്കാനായി വിസ നല്‍കണമെന്ന ആവശ്യം ലാഹോര്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് ലാഹോര്‍ സ്വദേശി സര്‍വാര്‍ താജ് എന്ന പാക് പൗരന്‍ പാക് സുപ്രീംകോടതിയെ സമീപിച്ചത്.
ഗുരുനാനാക്കിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സിക്കുകാര്‍ക്കും വിവിധ ആഘോഷാവസരങ്ങളില്‍ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹിന്ദുക്കള്‍ക്കും വിസ അനുവദിക്കാറുണ്ട്. ഇതുപോലെ ഇസ്ലാം മതവിശ്വാസിയായ ശിഹാബിന് ഹജ്ജ് ചെയ്യാനും വിസ നല്‍കണമെന്നാണ് ഹര്‍ജിക്കാരന്റെ വാിക്കുന്നത്.
മലപ്പുറത്ത് നിന്നാണ് കഴിഞ്ഞ ജൂണില്‍ 8640 കിലോമീറ്ററുള്ള കാല്‍നടയാത്രക്ക് ശിഹാബ് തുടക്കമിട്ടത്. പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈറ്റ് വഴി മക്കയിലെത്താനാണ് ശിഹാബ് ലക്ഷ്യമിട്ടത്.
പക്ഷെ കഴിഞ്ഞ ഒക്ടോബറില്‍ വാഗ അതിര്‍ത്തിയില്‍ പാകിസ്താന്‍ തടഞ്ഞതോടെ പഞ്ചാബിലാണ് നിലവില്‍ ശിഹാബുള്ളത്. ട്രാന്‍സിറ്റ് വിസ വേണമെന്നാണ് ശിഹാബിന്റെ ആവശ്യം. കഴിഞ്ഞ മാസമാണ് ലാഹോര്‍ കോടതി സര്‍വാര്‍ താജിന്റെ ഹര്‍ജി തള്ളിയത്.