മല്ലപ്പള്ളി: ദേശീയ ദുരന്തനിവാരണസേനയുടെ മോക്ഡ്രില്ലിൽ തങ്ങൾക്കൊപ്പം മണിമലയാറ്റിൽ ഇറങ്ങിയ ബിനു വിടവാങ്ങിയതോടെ കുടുംബത്തിൽ അവേശിക്കുന്നത് ഒരു സഹോദരി മാത്രം. ബിനു സോമന്റെ വീട്ടിലെ നാലാമത്തെ ആകസ്മിക മരണമാണിത്. 20 വർഷം മുൻപ് പിതാവ് സോമൻ കരൾ രോഗം മൂലവും അമ്മ വിജയകുമാരി 10 വർഷം മുൻപ് പൊള്ളലേറ്റും മരിച്ചു. 4 വർഷം മുൻപുണ്ടായ ബൈക്ക് അപകടത്തിൽ സഹോദരൻ വിനോദും മരണപ്പെട്ടിരുന്നു.
ഇപ്പോൾ ബിനു കൂടി വിടചൊല്ലിയതോടെ അവേശഷിക്കുന്നത് സഹോദരി മാത്രമാണ്. കുടുംബത്തിലെ മരണങ്ങളിൽ തകർന്നിരിക്കുകയാണ് ഈ കൂടപ്പിറപ്പ്. തുരുത്തിക്കാട് കർക്കിടകംപള്ളിൽ മോൻസി കുര്യാക്കോസ്, വാതറ വീട്ടിൽ ജിജോ മാത്യു എന്നിവർ രക്ഷാപ്രവർത്തനം പരിശീലിപ്പിക്കുന്ന പുറമറ്റം പഞ്ചായത്ത് കരയുടെ ഭാഗത്തേക്ക് നദിയിലൂടെ നീന്തിയാണ് എത്തിയത്.
തുരുത്തിക്കാട് പാലത്തുങ്കൽ കാക്കരക്കുന്നേൽ ബിനു സോമനും മരുതൂക്കുന്നേൽ ബിജു നൈനാനും പാലത്തിലൂടെ അക്കരെ എത്തിയാണ് പങ്കാളികളായത്. പ്രളയത്തിൽ നദിയിൽ അകപ്പെടുന്നവരായി 5 പേരെ വേണമെന്നാണ് പരിശീലകർ പറഞ്ഞിരുന്നതെന്ന് ബിജുവും മോൻസിയും ജിജോയും പറയുന്നു. 4 പേരെ പങ്കെടുപ്പിച്ചായിരുന്നു രക്ഷാപ്രവർത്തന പരിശീലനം നടത്തി വന്നിരുന്നത്.
ബന്ധപ്പെട്ടവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ 4 പേരും നദിയിലെ ഒഴുക്കിൽപെട്ടതുപോലെ നീന്താനും തുടങ്ങി. മോൻസി, ജിജോ എന്നിവർക്കു പിന്നാലെ ബിനുവും ബിജുവുമാണ് ആദ്യം നദിയിൽ ഇറങ്ങിയത്.
മോൻസി, ജിജോ എന്നിവർ സ്കൂബ ബോട്ടിൽനിന്ന് ഇട്ടുകൊടുക്കുന്ന കാറ്റ് നിറച്ച ട്യൂബിൽ പിടിച്ച് ബോട്ടിലേക്ക് കയറി. എന്നാൽ, ഇവർക്കു പിന്നാലെയെത്തിയ ബിനു കയത്തിലേയ്ക്ക് അകപ്പെടുകയായിരുന്നു. കാറ്റ് നിറച്ച ട്യൂബ് ഇട്ടുകൊടുത്തിട്ടും വെള്ളത്തിനു മുകളിൽ കാണാതിരുന്നപ്പോഴാണ് അപകടത്തിൽപ്പെട്ട വിവരം ഒപ്പമുണള്ളവരും അറിഞ്ഞത്. പിന്നീട് തെരച്ചിൽ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.
Discussion about this post