അമിതഭാരവും തടിയും എന്നും തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്. സ്വന്തം ശരീരം തടിച്ചാൽ പ്രശ്നമില്ലെന്ന് മനസിൽ ഉറപ്പിച്ചാലും മറ്റുള്ളവരുടെ പരിഹാസങ്ങളും മറ്റും കേൾക്കുമ്പോൾ മനസ് മുറിപ്പെടും. തുടർന്ന് ശരീര ഭാരം കുറയ്ക്കാൻ കഷ്ടപ്പെടുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ അമിതമായ ഭാരം മൂലം അസുഖങ്ങൾ അലട്ടിയതിന്റെ അടിസ്ഥാനത്തിൽ ഞെട്ടിക്കുന്ന മേക്കോവർ നടത്തിയിരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥൻ.
ഡൽഹി ഡെപ്യൂട്ടി കമ്മീഷ്ണർ ജിതേന്ദ്ര മണിയാണ് തന്റെ നിശ്ചയദാർഢ്യം കൊണ്ട് ശരീരഭാരത്തെയും അതുമൂലമുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളേയും വരുതിയിലാക്കി ജനമനസുകളുടെ കൈയടി നേടിയത്. വെറും 8 മാസം കൊണ്ട് 46 കിലോഗ്രാം ഭാരമാണ് ജിതേന്ദ്ര കുറച്ചത്. 130 കിലോഗ്രാമായിരുന്നു ജിതേന്ദ്ര മണിയുടെ ശരീര ഭാരം.
അമിതഭാരം കൊണ്ട് തന്നെ പ്രമേഹം, രക്തസമ്മർദം, കൊളസ്‌ട്രോൾ എന്നീ രോഗങ്ങളും ജിതേന്ദ്രയെ അലട്ടിയിരുന്നു. തുടർന്നാണ് ശരീരഭാരം കുറയ്ക്കാൻ ഉറച്ച തീരുമാനം എടുത്തത്. പിന്നീട് കടുത്ത നിയന്ത്രണങ്ങളുടെ നാളുകളായിരുന്നു. ജീവിതശൈലി അടിമുടി മാറ്റി. എല്ലാ ദിവസവും 15,000 അടി വീതം നടന്നുതുടങ്ങി. കാർബോഹൈഡ്രേറ്റ് അധികമായ ഭക്ഷണങ്ങൾ ഒഴിവാക്കി ഭക്ഷണക്രമത്തിൽ പഴങ്ങളും, പച്ചക്കറികളും, സൂപ്പുകളും ഉൾപ്പെടുത്തി.
എട്ട് മാസം കൊണ്ട് 32 ലക്ഷം സ്റ്റെപ്പുകളാണ് അദ്ദേഹം നടന്നത്. ഒപ്പം ആരോഗ്യകരമായ ഭക്ഷണശീലം കൂടിയായപ്പോൾ അരവണ്ണത്തിൽ നിന്ന് 12 ഇഞ്ചാണ് കുറഞ്ഞത്. എട്ട് മാസം കൊണ്ട് 46 കിലോഗ്രാമും കുറച്ചു. ഇന്ന് ജിതേന്ദ്രയുടെ ശരീരഭാരം 84 കിലോഗ്രാമാണ്. ജിതേന്ദ്രയുടെ ഈ രൂപമാറ്റത്തിൽ പോലീസ് സേന പോലും അമ്പരന്നു. ഡിസിപിയുടെ നിശ്ചയദാർഢ്യത്തിന് അനുമോദനമായി പ്രത്യേക സർട്ടിഫിക്കറ്റും പൊലീസ് കമ്മീഷ്ണർ സഞ്ജയ് അറോറ സമ്മാനിച്ചു.