മാന്നാർ: അക്കൗണ്ടിൽ അബദ്ധത്തിൽ എത്തിയ അരലക്ഷം രൂപ ഹൈദരാബാദ് സ്വദേശിക്ക് തിരിച്ചയച്ച് മികച്ച മാതൃകയായി കർഷകൻ. മാന്നാറിലെ കർഷകനായ പാവുക്കര കിഴക്കേ പെരുങ്കണ്ണാരി വീട്ടിൽ തമ്പിയാണ് (കെ.എം. ഏബ്രഹാം 65) ഹൈദരാബാദ് സ്വദേശിയായ യഥാവള്ളി വേണുഗോപാലിന് പണം തിരികെ നൽകിയത്. കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) അക്കൗണ്ടിലേക്കു കഴിഞ്ഞ 18നാണ് തമ്പിക്ക് പണം എത്തിയത്.
ബിസിനസുകാരനായ വേണുഗോപാൽ ഒരു ബിസിനസ് സ്ഥാപനത്തിലേക്കു അയച്ച അരലക്ഷം രൂപയാണ് അബദ്ധത്തിൽ തമ്പിയുടെ അക്കൗണ്ടിലേയ്ക്ക് എത്തിയത്. തമ്പിക്കു മാന്നാറിലെ എസ്ബിഐയിലാണ് അക്കൗണ്ട് ഉള്ളത്. രൂപ എത്തിയതായി ഫോണിൽ സന്ദേശം എത്തിയപ്പോഴാണ് തമ്പിയും ഈ വിവരം അറിഞ്ഞത്.
രൂപ വന്ന മൊബൈൽ നമ്പറിലേക്കു തമ്പി പലതവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട്, ഏതോ ഓൺലൈൻ കബളിപ്പിക്കൽ സംഘത്തിന്റെ അടവായിരിക്കാമെന്നു കരുതി. എന്നാൽ രാത്രി വേണുഗോപാൽ തമ്പിയെ തിരിച്ച് വിളിക്കുകയും ചെയ്തു. തന്റെ അക്കൗണ്ടിൽ പണമെത്തിയെന്നും ബാങ്കു വഴി തിരികെ അയച്ചു തരാമെന്നും തമ്പി വേണുഗോപാലിന് ഉറപ്പു നൽകി.
പിന്നാലെ ബാങ്കിലെത്തി മാനേജരെ വിവരം അറിയിച്ചു. കിസാൻ ക്രെഡിറ്റ് കാർഡിൽ നിന്ന് പണം പിൻവലിക്കാൻ കഴിയുമെങ്കിലും മറ്റൊരാൾക്കു തിരിച്ചയയ്ക്കാൻ കഴിയില്ലെന്നു ബാങ്ക് അധികൃതർ അറിയിച്ചു. പിന്നീട് മാന്നാറിലെ ബാങ്ക് അധികൃതർ ഹൈദരാബാദിലെ വേണുഗോപാലിന്റെ ബാങ്ക് അധികൃതരുമായി സംസാരിച്ച് പ്രത്യേക അപേക്ഷ വാങ്ങിയ ശേഷം പണം തിരികെ അയച്ചു നൽകുകയായിരുന്നു. തമ്പിയുടെ തീരുമാനത്തിൽ ബാങ്ക് അധികൃതരും അഭിനന്ദനം അറിയിച്ചു.