തൊടുപുഴ: ഇടുക്കിയിലെ ലേലം വിളിയില്‍ സ്റ്റാറായി നാടന്‍ പൂവന്‍ കോഴി. പരാമവധി 1000 രൂപവരെ വിലവരുന്ന പൂവന്‍കോഴിയെ ലേലത്തില്‍ വിറ്റത് പതിനായിരത്തിലധികം രൂപയ്ക്കാണ്. ഇടുക്കി നെടുംകണ്ടം പരിവര്‍ത്തനമേടിലെ ഒപിഎസ് ക്ലബ് പുനരുജ്ജീവിപ്പിക്കാനായിരുന്നു ലേലം സംഘടിപ്പിച്ചത്.
ലേലം വിളിക്കിടെ വാശി കയറുന്നതിനനുസരിച്ച് പൂവന്റെ വിലയും കൂടുകയായിരുന്നു. 10 രൂപയില്‍ തുടങ്ങിയ ലേലം വിളി അവസാനിച്ചത് റെക്കോര്‍ഡ് തുകയായ 13300 രൂപയിലാണ്. നാട്ടുകാരനായ ആലുങ്കല്‍ ജോഷിയാണു കോഴിയെ ലേലത്തിനു വച്ചത്. നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് അജിഷ് മുതുകുന്നേലാണു ലേലത്തില്‍ പിടിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം കൂത്താട്ടുകുളത്ത് ചക്ക 1010 രൂപക്ക് ലേലത്തില്‍ വിറ്റ് പോയതും വലിയ വാര്‍ത്തയായിരുന്നു. ഒരു ചക്ക 1010 രൂപയ്ക്കും മറ്റൊരു ചക്ക 1000 രൂപയ്ക്കും വിറ്റു. നാട്ടുകാര്‍ തന്നെയാണ് ഈ വിലയില്‍ ചക്ക വാങ്ങുന്നത് എന്നതും കൗതുകം. ആവശ്യക്കാര്‍ ഏറിയതോടെ ലേലം മുറുകുകയായിരുന്നു.
സാധാരണ സീസണില്‍ 150-200 രൂപ നിലവാരത്തില്‍ ലഭിയ്ക്കാറുള്ള ചക്ക ഒടുവില്‍ കിഴക്കേക്കുറ്റ് വീട്ടില്‍ ചാക്കോച്ചന്‍ 1010 രൂപയ്ക്കാണ് സ്വന്തമാക്കിയത്. 1000 രൂപയ്ക്കും 500 രൂപയ്ക്കും ചക്ക ലേലത്തില്‍ പോയി.
കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂത്താട്ടുകുളം അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് പ്രൊസസിങ് സൊസൈറ്റി 2009 ലാണ് ലേല വിപണി ആരംഭിച്ചത്. എല്ലാ ചൊവ്വാഴ്ച്ചയുമാണ് കാര്‍ഷിക വിളകളുടെ ലേലം നടക്കുക. വളര്‍ത്തു മൃഗങ്ങള്‍, പച്ചക്കറികള്‍ ഉള്‍പ്പെടെ എല്ലാം ഇവിടെ ലേലത്തില്‍ വയ്ക്കാം.