പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട 3 അയ്യപ്പ ഭക്തരുടെ ജീവന് കാത്തുരക്ഷിച്ച് പോലീസ് ഉദ്യോഗസ്ഥൻ. പെരുവണ്ണാമൂഴി സ്വദേശിയായ സിവിൽ പോലീസ് ഓഫീസർ ഇ.എം സുഭാഷാണ് കയത്തിൽ അകപ്പെട്ട അയ്യപ്പ ഭക്തരെ ജീവിതത്തിന്റെ കരയ്ക്ക് പിടിച്ചു കയറ്റിയത്. സുഭാഷിനെ പോലീസ് സേനയും അഭിനന്ദനം കൊണ്ട് മൂടി. ഇക്കഴിഞ്ഞ ഡിസംബർ 25 ക്രിസ്മസ് ദിനത്തിലായിരുന്നു അപകടം നടന്നത്.
വൈകുന്നേരം ഫൂട് പട്രോൾ ഡ്യൂട്ടി ചെയ്യുമ്പോഴാണ് അന്നദാന മണ്ഡപത്തിന് സമീപത്തുള്ള കുളികടവിലെ ഒഴുക്കുള്ള ഭാഗത്തേക്ക് മൂന്ന് അയ്യപ്പഭക്തർ താഴ്ന്ന് പോവുന്നത് സുഭാഷിന്റെ ശ്രദ്ധയിൽപ്പെട്ടത്. രണ്ടുപേർ കയത്തിലകപ്പെട്ടപ്പോൾ രക്ഷിക്കാനെത്തിയ മൂന്നാമത്തെയാളും താഴ്ന്നുപോകുകയായിരുന്നു.
ഉടനടി, കൈയിലുണ്ടായിരു്നന പേഴ്സും വയർലെസ് സെറ്റും ഒപ്പമുള്ള പോലീസ് ഉദ്യോഗസ്ഥനെ ഏൽപ്പിച്ച് സുഭാഷ് പമ്പാ നദിയിലേക്ക് എടുത്ത് ചാടി മൂന്നു പേരെയും അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. കർണാടക സ്വദേശികളായ ശ്രീധറും (32) ചന്ദുവും (23) ഗൗതവും (20) ആയിരുന്നു നദിയിലെ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
അപകടമേഖലയായതിനാൽ നേരത്തേതന്നെ നിയന്ത്രണമുള്ള സ്ഥലത്താണ് അയ്യപ്പന്മാർ ഇറങ്ങിയത്. സുഭാഷിന്റെ സമയോചിതമായ ഇടപെടലാണ് മൂവരുടെയും ജീവന് രക്ഷയായത്. പുഴയിൽച്ചാടുമ്പോൾ എടുത്തുവെക്കാൻ മറന്ന ഫോൺ നഷ്ടപ്പെട്ടെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായതിന്റെ സംതൃപ്തിയാണ് സുഭാഷിനുള്ളത് 15 വർഷമായി കേരള പോലീസിൽ അംഗമായ സുഭാഷ് ഇപ്പോൾ വടകര പോലീസ് കൺട്രോൾ റൂമിൽ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്.