ചുവന്ന തൊപ്പിയണിഞ്ഞ് കരോൾ ഗാനത്തിന് ചുവടുവെയ്ക്കുന്ന തൃശ്ശൂർ കളക്ടർ ഹരിത വി കുമാറിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ബോൺ നത്താലെയിൽ കളക്ടർ പങ്കെടുക്കുന്ന വീഡിയോ ആണ് തരംഗം തീർക്കുന്നത്. ആയിരക്കണക്കിന് പാപ്പാമാരുടെ ആഹ്‌ളാദനൃത്തത്തിനൊപ്പമാണ് കളക്ടറും കൂടെ കൂടിയത്.
പാപ്പാവേഷധാരികളായ കുട്ടികളോടൊപ്പം ചിരിച്ചുല്ലസിച്ച് മനോഹരമായാണ് തൃശൂരിന്റെ സ്വന്തം കളക്ടർ ചുവടുവെയ്ക്കുന്നത്. ചടങ്ങിന്റെ ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ച കേന്ദ്രമന്ത്രി ജോൺ ബെർലയേയും വീഡിയോയിൽ കാണാം. കുട്ടികളോടൊപ്പം അദ്ദേഹവും ആഘോഷത്തിൽ പങ്കുചേർന്നു.
സിറോ-മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള തൃശ്ശൂർ അതിരൂപതയും തൃശൂർ പൗരാവലിയും ചേർന്ന് തൃശ്ശൂർ നഗരത്തിൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് ഡിസംബറിൽ നടത്തുന്ന ക്രിസ്തുമസ് കരോളാണ് ബോൺ നത്താലെ. അതിരൂപത ആർച്ച് ബിഷപ്പ് മാർ ആഡ്രൂസ് താഴത്തിന്റെ ആശയമായാണ് 2013-ൽ ബോൺ നത്താലെ ആരംഭിച്ചത്.
കോവിഡിന് ശേഷമുള്ള ഇത്തവണത്തെ ക്രിസ്മസ് ആഘോഷം കെങ്കേമമായാണ് ആഘോഷിച്ചത്. മാലാഖക്കുട്ടികളും ചലിക്കുന്ന ക്രിസ്മസ് പുൽക്കൂടുകളും കലാപ്രകടനങ്ങളും ദൃശ്യവിസ്മയം തീർത്തു. കളക്ടർ നൃത്തം ചെയ്യുന്ന വീഡിയോയ്ക്ക് താഴെ നിരവധിപ്പേർ അഭിനന്ദനങ്ങളുമായി രംഗത്തെത്തി.