ഏത് കൈ ആണെങ്കിലും ശീതള്‍ ഓകെ! ജില്ലാ ചാംപ്യന്‍ഷിപ്പില്‍ 2 സ്വര്‍ണ്ണമെഡലുകള്‍ നേടി, കൈക്കരുത്തില്‍ പെണ്‍പുലിയായി ഏഴാം ക്ലാസുകാരി

ശീതള്‍ കഴിഞ്ഞ ദിവസം നടന്ന ജില്ലാ ചാംപ്യന്‍ഷിപ്പില്‍ ജൂനിയര്‍ 50 കിലോ വിഭാഗത്തിലാണ് ഇടത്-വലത് കൈകള്‍ കൊണ്ടുള്ള പഞ്ചഗുസ്തിയില്‍ 2 സ്വര്‍ണ്ണമെഡലുകള്‍ നേടിയത്.

കൈക്കരുത്തിന്റെ കാര്യത്തില്‍ ഏത് കൈ ആണെങ്കിലും ശീതള്‍ ഓകെയാണ്. ദേശിയ പഞ്ചഗുസ്തി താരമായ പിതാവിന്റെ പരിശീലനത്തില്‍ ആദ്യമായി ഗോദയില്‍ ഇറങ്ങിയ ഈ ഏഴാം ക്ലാസുകാരി കാസര്‍കോട് ജില്ലാ പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇരട്ടനേട്ടത്തോടെയാണ് കരുത്ത് തെളിയിച്ചത്.

ദേശീയ പഞ്ചഗുസ്തി താരം നീലേശ്വരം പൂവാലംകൈ നീഹാരത്തിലെ പി പ്രശാന്തിന്റെയും ഡി ധനലക്ഷ്മിയുടെയും മകളായ പികെ ശീതള്‍ കഴിഞ്ഞ ദിവസം നടന്ന ജില്ലാ ചാംപ്യന്‍ഷിപ്പില്‍ ജൂനിയര്‍ 50 കിലോ വിഭാഗത്തിലാണ് ഇടത്-വലത് കൈകള്‍ കൊണ്ടുള്ള പഞ്ചഗുസ്തിയില്‍ 2 സ്വര്‍ണ്ണമെഡലുകള്‍ നേടിയത്.

ചായ്യോം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഈ കൊച്ചുമിടുക്കി പിതാവ് അംഗമായ നീലേശ്വരത്തെ ഫിറ്റ്‌നസ് വേള്‍ഡ് ജിംനേഷ്യത്തിലാണു പരിശീലനം ചെയ്യുന്നത്. ശാരീരിക ക്ഷമതയ്ക്കായി രാവിലെ 6 മുതല്‍ 8 കിലോമീറ്റര്‍ വരെ ഓടും. വൈകിട്ട് ജിംനേഷ്യത്തിലെത്തി ആം റസ്ലിങ് ടേബിളില്‍ പിതാവിനോടു പഞ്ച പിടിച്ച് കൈക്കരുത്തുറപ്പിക്കും. കൈയുറപ്പിനായി ഭാരോദ്വഹനവും പരിശീലിക്കും.

ദേശീയ പഞ്ചഗുസ്തി താരമായ പിതാവ് പ്രശാന്ത് 3 തവണ രാജ്യാന്തര മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ താരമാണ്. 2004 മുതല്‍ 2006 വരെ ബ്രസീല്‍, ജപ്പാന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നടന്ന രാജ്യാന്തര മത്സരങ്ങളിലേക്കാണു യോഗ്യത നേടിയത്.

2012ല്‍ സ്‌പെയിനില്‍ നടന്ന ലോക പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ഇടം വലം കൈകള്‍ കൊണ്ടു മത്സരിച്ച് നാലാം സ്ഥാനം നേടി. 2000 മുതല്‍ 2006 വരെ തുടര്‍ച്ചയായി കാസര്‍കോട് ജില്ലാ ചാംപ്യനും ജില്ലാ ക്യാപ്റ്റനും ആയിരുന്നു. പിതാവിനെപ്പോലെ ഇരുകൈകള്‍ കൊണ്ടും പഞ്ചഗുസ്തിക്കു തയ്യാറാണ് ശീതളും.

എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍ ജനുവരി 27 മുതല്‍ 29 വരെ നടക്കുന്ന സംസ്ഥാന പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിച്ച് മത്സരത്തിനിറങ്ങാനുള്ള തീവ്ര പരിശീലനത്തിലാണ് ഇപ്പോള്‍ ശീതള്‍.

Exit mobile version