തിരുവനന്തപുരം: തലസ്ഥാനത്ത് മൃഗശാലയിലെത്തുന്ന കാഴ്ചക്കാര്‍ മൃഗശാലയുടെ പരിസ്ഥിതി ആസ്വദിച്ച് മടങ്ങേണ്ട അവസ്ഥയാണ്. പുതിയ മൃഗങ്ങളെ കൊണ്ടുവരാത്തതും ഉള്ളവയ്ക്ക് പ്രായമേറിയതുമാണ് കാരണം. ഇവിടെ മൃഗങ്ങളുടെ എണ്ണത്തില്‍ കുറച്ചുവര്‍ഷങ്ങളായി വന്‍ കുറവ് സംഭവിച്ചിരിക്കുകയാണ്.
അടുത്തിടെ ഇവിടുത്തെ പക്ഷികളെ കാണാതായ സംഭവം വലിയ വിവാദമായിരുന്നു. ശലഭ പാര്‍ക്കിന് സമീപമുള്ള മക്കോവോ തത്തകളുടെ കൂട്ടിലെ പ്രത്യേക കൂട്ടില്‍ പാര്‍പ്പിച്ചിരുന്ന 22 സണ്‍ കോനൂര്‍ പക്ഷികളില്‍ രണ്ടെണ്ണത്തെയായിരുന്നു കാണാതായത്.
വിപണിയില്‍ 15,000 മുതല്‍ ഒന്നരലക്ഷം രൂപ വരെ വിലയുള്ള പക്ഷികളാണിവ. കാണാതായതിന് പിന്നാലെ രണ്ടെണ്ണത്തെ എലി പിടിച്ചെന്നായിരുന്നു അധികൃതരുടെ വിശദീകരണം. അടുത്തിടെ മൃഗശാലയിലെ കൃഷ്ണമൃഗങ്ങള്‍ കൂട്ടത്തോടെ ചത്തതും വലിയ വാര്‍ത്തയായിരുന്നു.
ഏപ്രിലില്‍ കിങ്ങിണിയെന്ന സിംഹവാലന്‍ കുരങ്ങിന് പിന്നാലെ പുള്ളിമാനും ചത്തിരുന്നു.ഇതിന്റെ പോസ്റ്റ്‌മോര്‍ട്ടം ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ നടത്തിയെന്ന ആരോപണം ഉയര്‍ന്നതും വിവാദമായിരുന്നു.