തിരൂർ: കുടുംബ വഴക്കിനെ തുടർന്ന് മകന്റെ കിടപ്പുമുറിക്ക് തീയിട്ട് പിതാവ്. മകൻ ജോലിക്ക് പോയ സമയത്താണ് മുറിക്ക് തീവെച്ചത്. ഈ സമയം മുറിയിലുണ്ടായ മകന്റെ ഭാര്യയും മകനും ഓടിരക്ഷപ്പെടുകയായിരുന്നു. തിരൂരിനടുത്ത് തലക്കാട് തലൂക്കരയിൽ തിങ്കളാഴ്ച രാവിലെ ഒൻപതിനാണ് സംഭവം. സംഭവത്തിൽ, മരുമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർതൃപിതാവ് അറസ്റ്റിലായി.
തലൂക്കരയിലെ മണ്ണത്ത് അപ്പു (78) വിനെയാണ് തിരൂർ പോലീസ് അറസ്റ്റുചെയ്തത്. അപ്പുവും ഇളയമകൻ ബാബുവും ഈ വീട്ടിലായിരുന്നു താമസം. ബാബുവിന് രണ്ടു സെന്റ് സ്ഥലം അപ്പു നൽകിയിരുന്നു. പിന്നീട് ബാബുവും ഭാര്യയും തന്റെ കാര്യങ്ങൾ നോക്കുന്നില്ലെന്ന പരാതിയുമായി തിരൂർ ആർ.ഡി.ഒ.യെ ബന്ധപ്പെട്ടു. മറ്റൊരു മകന്റെ വീട്ടിലേക്ക് മാറുകയുംചെയ്തു. പരാതിയുടെ ഭാഗമായി മാസം 1,500 രൂപ മകൻ അച്ഛന് നൽകണമെന്ന് ആർ.ഡി.ഒ. ഉത്തരവിടുകയും മകൻ തുക നൽകി വരികയുമായിരുന്നു.
ഇതിലൊന്നും അപ്പു സംതൃപ്തനാകാതെയാണ് തിങ്കളാഴ്ച രാവിലെ മണ്ണത്ത് വീട്ടിലെത്തി കിടപ്പുമുറിയുടെ ജനലിലൂടെ മണ്ണെണ്ണ ഒഴിച്ച് തീ വെച്ചത്. സംഭവമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ആരെങ്കിലും അടുത്ത് വന്നാൽ പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആയതിനാൽ, അടുക്കാൻ നാട്ടുകാരും ഭയപ്പെട്ടു. ഒടുവിൽ, അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചതോടെ ഫയര്‍സ്റ്റേഷൻ ഓഫീസർ എം.കെ. പ്രമോദ്കുമാറിന്റെ നേതൃത്വത്തിൽ സേനയെത്തി അപ്പുവിനെ അനുനയിപ്പിക്കുകയായിരുന്നു.
Discussion about this post