തിരുവനന്തപുരം: അധ്യാപകൻ പിടിച്ചു തള്ളിയതിനെ തുടർന്ന് ബെഞ്ചിലിടിച്ച് ആറാം ക്ലാസുകാരന്റെ നട്ടെല്ലിന് പരിക്ക്. കഴിഞ്ഞ ഒന്നരമാസമായി കുട്ടി ചികിത്സയിൽ തുടരുകയാണ്. നോട്ട് എഴുതികൊണ്ടുവന്നില്ലെന്ന് കാണിച്ചാണ് അധ്യാപകൻ അമീർ ഖാൻ വിദ്യാർത്ഥിയോട് അതിക്രമം കാണിച്ചത്. നവംബർ 16-ന് വെഞ്ഞാറമൂട് പാറയ്ക്കൽ സർക്കാർ യു.പി. സ്കൂളിലാണ് സംഭവം.
സംഭവത്തിൽ അധ്യാപകനെതിരെ വെഞ്ഞാറമൂട് പോലീസിലും വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന വിമർശനവും ഇതിനോടകം ഉയർന്നു കഴിഞ്ഞു. നോട്ട് എഴുതാതെ ക്ലാസിൽ വന്ന പാറയ്ക്കൽ മൂളയം സ്വദേശിയായ ആറാം ക്ലാസുകാരനെ ക്ലാസ് മുറിയിൽ വെച്ച് അമീർഖാൻ ഷർട്ടിൽ തൂക്കി ബെഞ്ചിലേക്ക് വലിച്ചെറിയുകയായിരുന്നു. വീഴ്ചയിൽ ബെഞ്ചിന്റെ അഗ്രത്തിൽ നട്ടെല്ല് ഇടിച്ചതായി കുട്ടിയുടെ അമ്മ ആരോപിച്ചു.
തൊട്ടടുത്ത ദിവസവും വേദന മാറാത്തതിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അവിടെ നടന്ന പരിശോധനയിലാണ് നട്ടെല്ലിന് സാരമായ പരിക്കുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഡോക്ടറുടെ നിർദേശ പ്രകാരമാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് ചൈൽഡ് ലൈനിലും പരാതി നൽകി.
എന്നാൽ, അമീർഖാനെ അധികൃതർ സംരക്ഷിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. മൊഴി മാറ്റിപ്പറയാൻ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് സമ്മർദ്ദമുണ്ടെന്നും ആരോപണമുണ്ട്. ഒരു മാസത്തിലേറെയായി കുട്ടി സ്കൂളിൽ എത്താതിരുന്നിട്ടും സ്കൂളിൽനിന്ന് ആരും അന്വേഷിച്ചിട്ടില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. എന്നാൽ സംഭവം മനപ്പൂർവമല്ലെന്നും കുട്ടിയെ അധ്യാപകൻ പിടിച്ചു ഇരുത്തിയപ്പോൾ പുറകിലിരുന്ന ബെഞ്ച് കൊണ്ടെന്നുമാണ് സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം.
Discussion about this post