ഓടിക്കൊണ്ടിരിക്കവെ പുക ഉയർന്നു, നിമിഷ നേരംകൊണ്ട് കത്തിച്ചാമ്പലായി; അഗ്നിക്കിരയായത് പുതിയ സ്‌കൂട്ടർ, ഓടിച്ച് കൊതിതീർന്നില്ലെന്ന് അനഘ

കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടർ കത്തിനശിച്ചു. ഉടമയായ കളമശേരി പെരിങ്ങഴ സ്വദേശിനി അനഘ നായർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് കരകയറിയത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസം ഉണ്ടെങ്കിലും പുതിയ സ്‌കൂട്ടർ ഓടിച്ച് കൊതിതീരാത്ത വിഷമത്തിലാണ് അനഘ. രാവിലെ പത്തോടെ കളമശേരി എച്ച്എംടി സ്റ്റോറിനു സമീപമാണ് ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു തീ പിടിച്ചത്.

സ്‌കൂട്ടറിന്റെ അടിയിൽനിന്നു പുക ഉയരുന്നതു കണ്ടാണ് അനഘ വാഹനം നിർത്തിയത്. പെട്ടെന്നുതന്നെ രേഖകൾ എടുത്തുമാറ്റി മാറി നിന്നു. അതിനാൽ തന്നെ അനഘയ്ക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല. സ്‌കൂട്ടർ പാടെ കത്തിനശിച്ചു. അഗ്‌നിശമനസേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇതിനിടെ നാട്ടുകാർ തീയണയ്ക്കാൻ മണൽ വാരിയിട്ടെങ്കിലും ഫലമുണ്ടായില്ല. തീ ആളിപ്പടരുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ഷോറൂമിൽ നിന്നെടുത്ത പുതിയ സ്‌കൂട്ടറാണ് കത്തി നശിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വാഹന ഷോറൂം അധികൃതരെ വിവരം അറിയിച്ചു. പുതിയ വാഹനമായതിനാൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു കാര്യമായ തടസ്സമുണ്ടാകില്ലെന്നാണ് അനഘയുടെ പ്രതീക്ഷ.

Exit mobile version