ഏറ്റുമാനൂർ: പാലാ എംഎൽഎ മാണി സി കാപ്പന്റെ പഴ്‌സണൽ സ്റ്റാഫ് അംഗം മരിക്കാൻ ഇടയായ വാഹനാപകടത്തിൽ പോലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. അപകടത്തിൽപ്പെട്ട കാറിൽ നിന്നും അതിമാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. 0.5 ഗ്രാം എംഡിഎംഎയാണ് ലഭിച്ചത്. പോലീസ് നടത്തിയ തിരച്ചിലിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
ശനിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിലാണ് മാണി സി കാപ്പന്റെ പേഴ്സണൽ സ്റ്റാഫംഗം മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേർ ചികിത്സയിലാണ്. ലഹരിമരുന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാക്കളെ പോലീസ് കൂടുതൽ ചോദ്യം ചെയ്യും. എവിടെ നിന്നാണ് ഇവർക്ക് ലഹരിമരുന്ന് ലഭിച്ചതെന്ന് അടക്കമുള്ള വിവരങ്ങൾ അന്വേഷിച്ചു വരികയാണ്.
ശനിയാഴ്ച പുലർച്ചെ ചരക്ക് കയറ്റിവന്ന എയ്സ് ട്രക്ക് കാറിലിടിച്ച് വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി(24) ആണ് മരിച്ചത്. കാറിന്റെ പിൻസീറ്റിൽ രാഹുൽ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. പാലായിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിന്റെ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോകും വഴി ഏറ്റുമാനൂർ ബൈപാസിൽ വച്ചായിരുന്നു അപകടം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.