തിരുവനന്തപുരം: ജീവന്‍ രക്ഷിക്കാന്‍ കുതിച്ചുപാഞ്ഞ ആംബുലന്‍സ് ട്രാഫിക്ക് ബ്ലോക്കില്‍ കുരുങ്ങി കിടക്കുന്നത് തടയാന്‍ മുന്നിലോടി വഴിയൊരുക്കിയ പോലീസുകാരന് ജനഹൃദയങ്ങളില്‍ മാത്രമല്ല, പോലീസ് സേനയില്‍ നിന്നും ബിഗ് സല്യൂട്ട് ലഭിച്ചിരിക്കുകയാണ്. ആംബുലന്‍സിന് മുന്നിലോടി വഴിയൊരുക്കിയ ഉദ്യോഗസ്ഥന് പോലീസിന്റെ ഗുഡ് സര്‍വീസ് എന്‍ട്രി. സമൂഹമാധ്യമങ്ങളും ജനങ്ങളുടെയും മനസില്‍ ഇതിന് മുന്‍പ് തന്നെ ഈ പോലീസുകാരന്‍ ഈ നേട്ടം കൈവരിച്ചതാണ്. എങ്കിലും സേനയില്‍ നിന്നും ലഭിച്ച ഈ ഔദ്യോഗിക അംഗീകാരത്തിന് കൈയ്യടി നല്‍കുകയാണ് സോഷ്യല്‍മീഡിയ.
കോട്ടയത്ത് ട്രാഫിക് കുരുക്കില്‍ പെട്ട ആംബുലന്‍സിന് മുന്‍പില്‍ ഓടി വഴിയൊരുക്കിയ ഹൈവേ പൊലീസിലെ സിവില്‍ പോലീസ് ഓഫിസര്‍ രഞ്ജിത്ത് കുമാര്‍ രാധാകൃഷ്ണനാണ് അര്‍ഹിക്കുന്ന നേട്ടം തേടിയെത്തിയത്. ഡിസംബര്‍ 26 ന് ഡ്യൂട്ടിയിലുണ്ടായിരുന്നപ്പോഴാണ് വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ആളുമായി ആംബുലന്‍സ് പാഞ്ഞെത്തിയത്.
പുളിമൂട് ജംക്ഷനില്‍ എത്തിയപ്പോഴേക്കും ആംബുലന്‍സ് പൂര്‍ണമായും ഗതാഗത കുരുക്കില്‍പ്പെട്ടു. ജീവനോട് മല്ലിടുന്ന ആ മനുഷ്യന്‍ മാത്രമായിരുന്നു ഡ്യൂട്ടിലുണ്ടായിരുന്ന രഞ്ജിത്തിന്റെ ലക്ഷ്യം. തുടര്‍ന്ന് ആംബുലന്‍സിനു മുന്നിലൂടെ ഓടി, വശം കൊടുക്കാതെ കിടന്നിരുന്ന വാഹനങ്ങളില്‍ തട്ടി വഴിയൊരുക്കി. ഒരു മിനിറ്റിനുള്ളില്‍ തടസ്സങ്ങള്‍ പൂര്‍ണമായും നീക്കി ആംബുലന്‍സിന് പോകാന്‍ വഴിയൊരുക്കുകയായിരുന്നു.
ആംബുലന്‍സില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് പോലീസുകാരന്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയുടെ വീഡിയോ എടുത്തതും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതും. വിഡിയോ വൈറലായതോടെ ഇദ്ദേഹത്തെ തേടി അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു.