പത്തനംതിട്ട; ശബരിമലയില്‍ അയ്യപ്പ ദര്‍ശനം നടത്തിയെന്ന അവകാശ വാദവുമായി കനക ദുര്‍ഗ്ഗയും ബിന്ദുവും രംഗത്ത്. ഇന്ന് പുലര്‍ച്ചെ മൂന്ന് 3.45ഓടെയാണ് ഇവര്‍ ദര്‍ശനം നടത്തിയത് എന്നാണ് പറയുന്നത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ 24 ന്യൂസിന് ലഭിച്ചു.
എന്നാല്‍ പോലീസ് അധികൃതര്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പോലീസ് സംരക്ഷണയിലാണ് ദര്‍ശനം നടത്തിയതെന്നാണ് ബിന്ദു ട്വന്റിഫോറിനോട് പറഞ്ഞത്. ഒരു മണിയോടെയാണ് ഇവര്‍ പമ്പയില്‍ എത്തിയത്.
ഡിസംബര്‍ 24 നാണ് പെരിന്തല്‍മണ്ണ സ്വദേശിയായ കനക ദുര്‍ഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദര്‍ശനത്തിനായി എത്തിയിരുന്നു. എന്നാല്‍ മരക്കൂട്ടം പിന്നിട്ടതോടെ ഇവരെ ഭക്തരും പ്രതിഷേധക്കാരും ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് ഇവരെ പോലീസ് തിരിച്ച് അയക്കുകയായിരുന്നു. തിരിച്ച് വരുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് തിരിച്ച് പോകുന്നതെന്ന് അന്ന് കനക ദുര്‍ഗ്ഗ പറഞ്ഞിരുന്നു.