പാലക്കാട്: ഉന്തിയ പല്ല് കാരണം യുവാവിന് സര്‍ക്കാര്‍ ജോലി നഷ്ടമായതായി പരാതി.
അട്ടപ്പാടിയിലെ ഗോത്രവര്‍ഗ വിഭാഗത്തിലെ യുവാവിനാണ് പല്ല് കാരണം ജോലി പോയത്. പുതൂര്‍ പഞ്ചായത്തിലെ ആനവായ് ഊരിലെ മുത്തുവിനാണ് ഇക്കാരണത്താല്‍ പിഎസ്എസി ജോലി നിഷേധിച്ചത്.
വനം വകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിനായുളള അഭിമുഖം വരെ മുത്തു എത്തിയിരുന്നു. പിന്നീടാണ് അയോഗ്യനാനെന്ന് അറിയിക്കുന്നത്. ചെറുപ്രായത്തില്‍ വീണതിനെ തുടര്‍ന്നാണ് മുത്തുവിന്റെ പല്ലിന് തകരാര്‍ സംഭവിച്ചത്. ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും മൂലം ചികിത്സിക്കാനായില്ലെന്ന് മുത്തുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
അഭിമുഖത്തിന് മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പിഎസ്സിയുടെ ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.
പിഎസ്സിയുടെ സ്‌പെഷല്‍ റിക്രൂട്‌മെന്റ് വഴി നിയമനത്തിനായുളള എഴുത്തു പരീക്ഷയും കായികക്ഷമതയും മുത്തു പാസായതാണ്. അട്ടപ്പാടിയിലെ മുക്കാലിയില്‍ നിന്നു 15 കിലോമീറ്റര്‍ ദൂരെ ഉള്‍വനത്തിലാണു മുത്തു താമസിക്കുന്ന ആനവായ് ഊര്. പൂര്‍ണ്ണമായും വനത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ് ഊരിലെ കുറുമ്പര്‍ വിഭാഗം.
Discussion about this post