ബാലുശ്ശേരി: സ്വന്തം വീട് തകര്‍ന്ന് വീണതോടെ തലചായ്ക്കാന്‍ ഇടമില്ലാതിരുന്ന ദേവിക്ക് സ്‌നേഹത്തണലൊരുക്കി കളിക്കൂട്ടുകാരി ഫാത്തിമയുടെ നന്മ. ഉണ്ണികുളം 23-ാം വാര്‍ഡിലെ കപ്പുറം കൂര്‍മന്‍ചാലില്‍ ഫാത്തിമയും ദേവിയുമാണ് ഒരേ വീട്ടില്‍ കഴിഞ്ഞ 3 വര്‍ഷമായി സ്‌നേഹം പങ്കിട്ട് ജീവിക്കുന്നത്.
ദേവിയുടെ ഭര്‍ത്താവ് നന്മണ്ട എടത്തില്‍ ബാലനും ഏക മകളും മരിച്ചതോടെ ദേവി തനിച്ചാണ് താമസിക്കുന്നത്. പൊളിഞ്ഞു വീഴാറായ മണ്‍കട്ട വീട്ടിലായിരുന്നു താമസം. വീട് തകര്‍ന്നതോടെ സഹോദരങ്ങള്‍ക്കൊപ്പം കുറച്ചു കാലം താമസിച്ചു. ദേവിയുടെ പ്രയാസം അറിഞ്ഞതോടെ ഫാത്തിമ ദേവിയെ കൂടെകൂട്ടുകയായിരുന്നു.
ഫാത്തിമയുടെ ഭര്‍ത്താവ് പനായി മംഗലശ്ശേരി അബൂബക്കര്‍ 3 വര്‍ഷം മുന്‍പ് മരിച്ചു. ഏക മകള്‍ ഭര്‍ത്താവിന്റെ വീട്ടിലാണ്. അങ്ങനെയാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന കളിക്കൂട്ടുകാര്‍ ഒരുമിച്ചു താമസം തുടങ്ങിയത്. ഇരുവരുടെയും ഭര്‍ത്താക്കന്‍മാരും നല്ല സൗഹൃദത്തിലായിരുന്നു. ഹോട്ടല്‍ ജോലിക്കാരായിരുന്നു ഇവരുടെ ഭര്‍ത്താക്കന്‍മാര്‍.
ഇപ്പോള്‍ പ്രായം എഴുപതിനോട് അടുക്കുന്ന, നാട്ടുകാര്‍ പാത്തുമ്മ എന്ന് വിളിക്കുന്ന ഫാത്തിമയും 65 പിന്നിടുന്ന ദേവിയും നന്നേ ചെറുപ്പം മുതല്‍ ഒരുമിച്ച് കളിച്ചു വളര്‍ന്നവരാണ്. ഇരുവര്‍ക്കും കുറേയേറെ അസുഖങ്ങള്‍ ഉണ്ടെങ്കിലും വേദനകള്‍ പങ്കിട്ട് അവര്‍ രണ്ട് പേരും ഇന്ന് ഏറെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ചെറിയ ജോലികള്‍ക്കെല്ലാം ദേവിയും ഫാത്തിമയും പോകുന്നുണ്ട്. പെരുന്നാളും ഓണവുമെല്ലാം ഒരുമിച്ചാണ് ഇവര്‍ ആഘോഷിക്കുക.
എത്രകാലം ഇപ്പോഴത്തെ ആരോഗ്യം ഉണ്ടാകുമെന്ന് പറയാനൊക്കില്ലെന്നാണ് എന്ന് ദേവിയുടെ ആധി അതിനാല്‍ കിടപ്പിലായിപ്പോകുന്നതിനു മുന്‍പ് ഒരു വീട് ഇവരുടെ ആഗ്രഹമാണ്. തന്റെ പേരിലുള്ള 5 സെന്റ് സ്ഥലത്ത് വീട് നിര്‍മിക്കുന്നതിനു സഹായം തേടി ദേവി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അതിനുള്ള കാത്തിരിപ്പിലാണ് ഈ ബാല്യകാല സുഹൃത്തുക്കള്‍.