മിമിക്രിയിലൂടെ മലയാള സിനിമയുടെ പ്രിയങ്കരനായി മാറിയ കലാഭവന്‍ മണിയുടെ മരണം കേരളത്തെ ഞെട്ടിച്ചതായിരുന്നു. ഏറെ ദുരുഹതകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയാണ് മണി എല്ലാവരെയും വിട്ട് പിരിഞ്ഞത്. മണിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് കേരളം വിതുമ്പുകയായിരുന്നു.
മണി മരിച്ചിട്ട് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും മരിക്കാത്ത ഓര്‍മ്മകളുമായി ആരാധകരുടെ ഹൃദയത്തിലുണ്ട്. ഓരോ പുതുവര്‍ഷം പിറക്കുമ്പോഴും സിനിമാപ്രേമികള്‍ മറക്കാത്ത ഒരു ദിവസമാണ് മണിയുടെ ജന്മദിനം. ജനുവരി ഒന്നിനാണ് കലാഭവന്‍ മണിയുടെ ജന്മദിനം. ഇന്ന് താരം ജീവിച്ചിരിക്കുകയായിരുന്നെങ്കില്‍ 47-ാം പിറന്നാള്‍ ആഘോഷിക്കുമായിരുന്നു.
എന്നാല്‍ മണി ജീവിച്ചിരിപ്പില്ലെങ്കിലും ഉറ്റ സുഹൃത്തിന്റെ ജന്മദിനത്തില് കാരുണ്യപ്രവര്‍ത്തനവുമായി ഒരുപറ്റം കൂട്ടുകാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഭവനരഹിതയായ വീട്ടമ്മയ്ക്ക് വീട് വച്ചു നല്‍കിയാണ് കാസ്കേഡ് ക്ലബ്ബ് മണിയുടെ ജന്മദിനം ഇത്തവണ ആഘോഷിച്ചത്. ചാലക്കുടി നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ താമസിക്കുന്ന സനുഷ എന്ന വീട്ടമ്മയ്ക്കാണ് കാസ്ക്കേഡ് ക്ലബ്ബ് വീട് വച്ച് നല്‍കിയത്.
കഴിഞ്ഞ വര്‍ഷത്തെ മണിയുടെ ഓര്‍മ്മ ദിനത്തിലാണ് വീടിന് കല്ലിട്ടത്. പണി പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ സനുഷയ്ക്ക് കൈമാറി. ഏഴ് ലക്ഷം രൂപ ചിലവിട്ടാണ് 600 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ വീട് നിര്‍മ്മിച്ചത്. ചലച്ചിത്ര രംഗത്തെ മണിയുടെ സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കുള്ള ചികിത്സാ സഹായവും ചടങ്ങില്‍ കൈമാറി.
Discussion about this post