പാലക്കാട്: സിക്കിമിൽ വാഹനാപകടത്തിൽ വീരമൃത്യു വരിച്ച 16 സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂർ സ്വദേശിയായ 26കാരൻ വൈശാഖ് ആണ് വിടപറഞ്ഞത്. വൈശാഖിന്റെ മരണ വിവരം സൈനികവൃത്തങ്ങൾ ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചു. എട്ട് വർഷത്തോളമായി വൈശാഖ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.
അതേസമയം, അപകടത്തിൽ സാരമായി പരിക്കേറ്റ 4 സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വടക്കൻ സിക്കിമിലെ സേമയിൽ സൈനികരുമായി പോയ വാഹനം കൊക്കയിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. താങ്ങുവിലേക്കു പോയ 3 സൈനിക വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി. മലയിടുക്കിലെ ചെരിവിൽ നിന്ന് സൈനികരടങ്ങിയ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൈനികവൃത്തങ്ങൾ നൽകുന്ന വിവരം.