ഹരിപ്പാട്: അധ്യാപികയായി വിരമിച്ച വയോധികയെ കബളിപ്പിച്ച് ബന്ധുക്കള്‍ സ്വത്ത് തട്ടിയെടുത്തതായി പരാതി. ആലപ്പുഴ എസ്ഡിവി യുപി സ്‌കൂളില്‍നിന്നു വിരമിച്ച ഹരിപ്പാട് ചെമ്പകശ്ശേരില്‍ ലളിതാംബാളാണ് (86) തന്റെ പേരിലുള്ള കോടികള്‍ വിലവരുന്ന ഭൂമിയും വീടും ബന്ധുക്കളില്‍ ചിലര്‍ പറ്റിച്ച് ഒപ്പ് വാങ്ങിയെടുത്ത് സ്വന്തമാക്കിയെന്ന പരാതിയുമായി എത്തിയിരിക്കുന്നത്.
കുടുംബസമേതം കേരളത്തിനു പുറത്തു താമസിച്ചിരുന്ന ബന്ധുക്കള്‍ ഒരുമാസത്തോളം നാട്ടിലെത്തി ഇവര്‍ക്കൊപ്പം താമസമാക്കിയിരുന്നു. ഈ സമയത്ത് പെന്‍ഷന്‍ രേഖകള്‍ ശരിയാക്കാന്‍ ട്രഷറി ഉദ്യോഗസ്ഥരെ വീട്ടിലേക്കു എത്തിക്കാമെന്ന് പറഞ്ഞാണ് സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരെ വീട്ടിലെത്തിച്ച് ധനനിശ്ചയാധാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ലളിതാംബാള്‍ കളക്ടര്‍ക്കും ചെങ്ങന്നൂര്‍ ആര്‍ഡിഒയ്ക്കും തഹസില്‍ദാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഹരിപ്പാട് നഗരമധ്യത്തിലാണ് എഴിക്കകത്ത് ജങ്ഷനില്‍ 15 സെന്റ് ഭൂമിയും വീടും ലളിതാംബാളിനുള്ളത്. ഇവര്‍ അവിവാഹിതയാണ്. ഒരുവര്‍ഷംമുമ്പ് കുളിമുറിയില്‍വീണു പരിക്കേറ്റ് വിശ്രമത്തിലായിരുന്നു. ഈ സമയത്താണ് ബന്ധുക്കള്‍ നാട്ടിലെത്തി ഇവരെ ശുശ്രൂഷിക്കാനെന്ന പേരില്‍ ഒപ്പംനിന്നത്.
ഈ കാലത്ത് ലളിതാംബാളിന് ട്രഷറിയില്‍പോയി പെന്‍ഷന്‍ വാങ്ങാന്‍ ബുദ്ധിമുട്ടായിരുന്നു. ഈ തടസ്സം പരിഹരിക്കാമെന്നു പറഞ്ഞാണ് ഉദ്യോഗസ്ഥനെ വീട്ടിലേക്കു വരുത്തിയതെന്ന് ലളിതാംബാള്‍ പറയുന്നു. ഉദ്യോഗസ്ഥരെ എത്തിച്ച് തന്നെ തെറ്റിദ്ധരിപ്പിച്ച് കടലാസുകളില്‍ ഒപ്പിടുവിച്ചു.
പിന്നീട് ഒരുമാസത്തിനുശേഷമാണ് സംഭവം അറിയുന്നത്. അപ്പോള്‍ത്തന്നെ ചെങ്ങന്നൂര്‍ ആര്‍ഡിഒയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കളെ ചര്‍ച്ചയ്ക്കു വിളിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ സഹകരിക്കുന്നില്ലെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്.
അതേസമയം, ലളിതാംബാളിന്റെ പരാതി ശരിയാണെന്ന് റവന്യൂ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇക്കാര്യം കാര്‍ത്തികപ്പള്ളി ഭൂരേഖ തഹസില്‍ദാര്‍ കളക്ടറെ അറിയിച്ചു. സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരും തട്ടിപ്പിനു കൂട്ടുനിന്നതായാണ് ലളിതാംബാളിന്റെ പരാതി.
അതേസമയം, കളക്ടറുടെ താലൂക്ക് തലത്തിലെ പരാതിപരിഹാര അദാലത്ത് നടന്നിരുന്നെങ്കിലും ലളിതാംബാളുടെ പരീതിയില്‍ തീര്‍പ്പുണ്ടായില്ല. ഇരുകക്ഷികളും ഹാജരായാലേ അദാലത്തില്‍ പരാതി പരിഹരിക്കാന്‍ കഴിയൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Discussion about this post