തൃശ്ശൂർ: ത്യാഗമല്ല, അച്ഛനു വേണ്ടി ചെയ്യുന്ന ചെറിയ കാര്യമാണെന്ന് മനസ് നിറഞ്ഞ് പറയുകയാണ് കരൾ പകുത്ത് നൽകാൻ ഹൈക്കോടതി അനുമതി നൽകിയ തൃശൂരിലെ പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ. വാർത്തകളിൽ നിറഞ്ഞതോടെയാണ് ദേവനന്ദ പ്രതികരണവുമായി രംഗത്ത് വന്നത്. രോഗം എന്ന് കേട്ടപ്പോൾ ആദ്യം പേടിയാണ് തോന്നിയത്. എന്നാൽ അച്ഛന് വേണ്ടി സ്വയം തീരുമാനം എടുക്കുകയായിരുന്നുവെന്നും ദേവനന്ദ പറയുന്നു.
ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെട്ടേ മതിയാവൂ. ഞങ്ങളുടേത് സാധാരണ കുടുംബമാണ്. ഒരു ദാതാവിനെ കണ്ടെത്തിയാൽ തന്നെ അവർക്ക് നല്ലൊരു തുക നൽകേണ്ടി വരും. അതിനൊന്നും ഞങ്ങൾക്ക് പറ്റില്ല. അതുകൊണ്ട് ഞാനായിട്ട് എടുത്ത തീരുമാനമാണ്. ഞാനിത് ആദ്യമേ ചോദിച്ചിരുന്നു. എനിക്ക് പറ്റുമെങ്കിൽ ഞാൻ നൽകാമെന്ന്. അപ്പോഴും പ്രായത്തിന്റെ തടസം ഉണ്ടായിരുന്നു.
പിന്നീട് ബന്ധുവിന്റെ കരൾ കിട്ടിയാൽ പെട്ടെന്ന് ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടർ പറഞ്ഞു. ബന്ധു പിന്മാറിയതിനാലാണ് താൻ തന്നെ മുന്നോട്ട് വന്നത്. പുറത്ത് നിന്നൊരാളെക്കാളും ഞാനാവും കൂടുതൽ ചേരുകയെന്ന് എനിക്ക് തോന്നിയെന്നും ദേവനന്ദ കൂട്ടിച്ചേർത്തു. ഗുരുതരാവസ്ഥയിലുള്ള അച്ഛന് കരൾ പകുത്തു നൽകാൻ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി പെൺകുട്ടിക്ക് അനുമതി നൽകിയത്.
പിന്നാലെ മന്ത്രി വീണ ജോർജ് ഉൾപ്പടെയുള്ളവർ അഭിനന്ദനവുമായി രംഗത്ത് വന്നിരുന്നു. അതേസമയം, മകളുടെ തീരുമാനത്തെക്കുറിച്ച് സംസാരിച്ചപ്പോൾ കരൾ രോഗിയായ അച്ഛൻ കണ്ഠമിടറിയാണ് മറുപടികൾ നൽകുന്നത്. മകളുടേത് ഉറച്ച തീരുമാനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പലതവണ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും മകൾ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു.
ഇങ്ങനെ ഒരു മകളെക്കിട്ടിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അച്ഛൻ പ്രതീഷിന് കരൾ പകുത്തുനൽകാൻ ഹൈക്കോടതി അനുവദിച്ചതിന്റെ സന്തോഷവും ദേവനന്ദയിൽ പ്രകടമാണ്. ആരും അറിയാതെ ചെയ്യണമെന്നായിരുന്നു ആഗ്രഹം. മറ്റുള്ളവർക്ക് ഒരു മാതൃകയാവട്ടെ എന്ന് പലരും പറഞ്ഞതിനാലാണ് പുറത്തുപറഞ്ഞതെന്നും കുടുംബം പ്രതികരിച്ചു.
Discussion about this post