വണ്ടൂർ: വാഹനം ഇടിച്ചു ചത്ത തള്ളപ്പട്ടിയെ കുഴിച്ചിട്ട് ഒരാഴ്ച പിന്നിട്ടിട്ടും സ്ഥലത്ത് നിന്ന് മാറാതെ നിൽക്കുന്ന നായ്ക്കുട്ടി നോവ് കാഴ്ചയാകുന്നു. ഇടിച്ച വാഹനത്തോടു സാമ്യമുള്ള ചരക്കുവാഹനങ്ങൾ വരുമ്പോഴെല്ലാം ഈ നായ്ക്കുട്ടി കുരച്ചു ചാടുന്നതും പതിവാണ്. മറ്റു വാഹനങ്ങളോ കാൽനടയാത്രക്കാരോ വരുമ്പോൾ റോഡരികിൽ തന്നെ അനങ്ങാതെ കിടക്കുകയും ചെയ്യുന്നും.
മറ്റുള്ളവരെ ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ലെന്നാണ് നാട്ടുകാരും പറയുന്നു. തൊട്ടടുത്ത് ഇൻഡസ്ട്രിയൽ സ്ഥാപനം നടത്തുന്ന ഷാരിയിൽ ബൈജുവും സഹോദരനും സുഹൃത്തുക്കളും സമീപത്തെ വീട്ടുകാരുമാണ് നായ്ക്കുട്ടിക്ക് ഭക്ഷണം നൽകുന്നത്. സംസ്ഥാനപാതയിൽ അമ്പലപ്പടി പുല്ലൂർ വളവിലാണ് അപരിചിതമായ വാഹനം ഇടിച്ചു പട്ടി ചത്തത്.
റോഡരികിലെ മരത്തിന്റെ ചുവട്ടിലേക്കു തെറിച്ചുവീണതിനാൽ മറ്റാരുടെയും ശ്രദ്ധയിലും പെട്ടില്ല. നായക്കുട്ടി നിർത്താതെ കുരച്ചു ബഹളം വയ്ക്കുകയും വാഹനങ്ങളുടെ പുറകേ കൂടുകയും ചെയ്യുന്നതു കണ്ടെങ്കിലും കാരണം മനസ്സിലായില്ല. രണ്ടു ദിവസം കഴിഞ്ഞു ദുർഗന്ധം രൂക്ഷമായപ്പോൾ നടത്തിയ തിരച്ചിലിലാണു പട്ടി ചത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. റോഡരികിൽ തന്നെ മണ്ണിട്ടു മൂടുകയും ചെയ്തു. ഇതിനടുത്താണു നായക്കുട്ടി എപ്പോഴും ചുറ്റി നടക്കുന്നത്.