ചിറയിന്‍കീഴ്: ഇനിയൊരു കലോത്സവത്തില്‍ മണവാട്ടിയായി തിളങ്ങാന്‍ ഫാത്തിമത്ത് മുഹ്‌സിന ഇല്ലല്ലോ എന്ന വിഷമത്തിലാണ് കൂട്ടുകാര്‍. വെയിലൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താംക്ലാസ്സുകാരി ഫാത്തിമത്ത് മുഹ്‌സിന(15) മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ഒപ്പനയിലെ മണവാട്ടി ആയി എല്ലാവരുടെയും മനസ്സു നിറച്ച കുട്ടിയായിരുന്നു ഫാത്തിമത്ത് മുഹ്‌സിന. നവംബര്‍ 30നാണ് മുഹ്‌സിനയ്ക്ക് ഒരു തലവേദന വന്നത്. ഈവനിങ് ക്ലാസ് വിട്ട് വീട്ടിലെത്തിയ ശേഷം അടുത്തുള്ള ഡോക്ടറെ കാണാന്‍ പോയതായിരുന്നു മുഹ്‌സിന.
എന്നാല്‍ അവിടെ എത്തുമ്പോഴേക്കും മുഹ്‌സിനയുടെ ഓര്‍മ മറഞ്ഞു തുടങ്ങി. പെട്ടെന്ന് തന്നെ കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പെട്ടെന്നുണ്ടായ മസ്തിഷ്‌ക രക്തസ്രാവമായിരുന്നു ഫാത്തിമത്തിന് എന്ന് തുടര്‍ന്നു കണ്ടെത്തി. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ കഴിഞ്ഞ ദിവസം ഫാത്തിമത്ത് വിടവാങ്ങി.
കലാകാരി മാത്രമല്ല, പഠനത്തിലും മിടുക്കിയായിരുന്നു മഹ്‌സിന. സാമ്പത്തികമായി ഏറെ ദുരിതങ്ങള്‍ നേരിട്ടുവരുന്ന കുടുംബമാണു മുഹ്‌സിനയുടേത്. അമ്മയും മൂന്നു പെണ്‍മക്കളുമടങ്ങുന്നതാണ് കുടുംബം. ചെറുപ്പത്തിലേ പിതാവ് ഉപേക്ഷിച്ച് പോയിരുന്നു. മുഹ്‌സിനയുടെ വിയോഗം ഉറ്റവരെയും കൂട്ടുകാരെയും അധ്യാപകരെയും ഒരുപോലെ തളര്‍ത്തിയിരിക്കുകയാണ്.