വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം; നാലുപേര്‍ക്ക് പരിക്ക്, പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

കാസര്‍കോട്: വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ
ബിജെപി ആര്‍എസ്എസ് ആക്രമണം. അംഗടിമുഗറില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസിനു നേരെയായിരുന്നു ആക്രമണം. നാലുപേര്‍ക്ക് പരിക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ രണ്ടുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

മധൂര്‍ കുതിരപ്പാടിയില്‍ വച്ചാണ് വ്യാപക അക്രമമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കന്തലിലെ ഇസ്മായിലിന്റെ ഭാര്യ അവ്വാബി (35)യെയും പുത്തിഗെയിലെ സരസ്വതിയെയുമാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുത്തിഗെയിലെ അമ്പുവിന്റെ മകള്‍ ബിന്ദു (36), പെര്‍ളാടത്തെ മായിന്‍കുഞ്ഞിയുടെ മകന്‍ പി എം അബ്ബാസ് (45) എന്നിവരെ ജനറല്‍ ആശുപത്രിയിലെ പ്രാഥമിക പരിശോധനക്ക് ശേഷം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവ്വാബിയുടെയും സരസ്വതിയുടെയും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

വനിതാ മതിലില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് നേരെ കാസര്‍കോട് മായിപ്പാടിയിലും കല്ലേറുണ്ടായിരുന്നു. കാസര്‍കോട് ചേറ്റുകുണ്ടിലും വനിതാ മതിലിനിടെ സംഘര്‍ഷമുണ്ടായി. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ റോഡ് കയ്യേറി മതില്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു. സ്ഥലത്തു തീ ഇട്ട് പുകച്ചാണ് വനിതാ മതിലിനെത്തിയവരെ പ്രവര്‍ത്തകര്‍ തടഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ബിജെപിക്ക് സ്വാധീനമുളള മേഖലയാണിത്. സംഭവസ്ഥലത്തെ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.

അതേസമയം, 620 കിലോമീറ്ററില്‍ ഒരുങ്ങിയ മതിലില്‍ വന്‍ സ്ത്രീ പങ്കാളിത്തമാണ് ഉണ്ടായത്. മന്ത്രി കെകെ ശൈലജ ആദ്യകണ്ണിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അവസാന കണ്ണിയുമായി. വനിതാമതില്‍ അവസാനിക്കുന്ന വെള്ളയമ്പലത്ത് പിന്തുണയുമായി പിണറായി വിജയനും വിഎസും എത്തി.

Exit mobile version