തിരുവല്ല: മന്ത്രവാദത്തിന്റെ ഭാഗമായി തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന യുവതിയുടെ ആരോപണത്തില്‍ പോലീസ് അന്വേഷണം. കുറ്റപ്പുഴയില്‍ വാടകവീട്ടില്‍ വെച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കര്‍ണാടകയിലെ കുടക് സ്വദേശിനിയുടെ വെളിപ്പെടുത്തലിലാണ് പോലീസ് അന്വേഷണം നടക്കുന്നത്.
കൊച്ചിയില്‍ താമസിക്കുന്ന യുവതി പോലീസില്‍ നേരിട്ട് പരാതി നല്‍കിയിട്ടില്ല. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന യുവതിയുടെ അഭിമുഖത്തിലാണ് വധശ്രമമുണ്ടായെന്നും നരബലിക്ക് താന്‍ ഇരയായേനെ എന്നും യുവതി വെളിപ്പെടുത്തിയിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സംഭവം നടന്നത് ഡിസംബര്‍ എട്ടിന് അര്‍ധരാത്രിയിലാണെന്നാണ് യുവതി പറയുന്നത്. കുറച്ചുമാസം മുമ്പ് പരിചയപ്പെട്ട ചങ്ങനാശ്ശേരി സ്വദേശിനിയായ അമ്പിളിയാണ് കുറ്റപ്പുഴയിലെ വീട്ടില്‍ തന്നെ എത്തിച്ചതെന്നും മന്ത്രവാദം നടത്തിയതെന്നും യുവതി പറയുന്നു.
കുടുംബപ്രശ്നങ്ങള്‍ക്ക് പരിഹാരമായി മന്ത്രവാദം നടത്താമെന്ന് അവകാശപ്പെട്ടായിരുന്നു കൊലപാതക ശ്രമം. മന്ത്രവാദം ചെയ്യുന്നതിനിടെ മന്ത്രവാദി വാളുപയോഗിച്ച് വെട്ടാന്‍ തുടങ്ങിയപ്പോള്‍ താന്‍ ഓടിരക്ഷപ്പെട്ടതായി യുവതി പറയുന്നുണ്ട്.
അതേസമയം, നാട്ടിലേക്കുമടങ്ങിയ യുവതിയില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ടിരുന്നതായി തിരുവല്ല ഡിവൈഎസ്പി ടി രാജപ്പന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം യുവതിയുടെ അമ്മ മരിച്ചതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. പ്രാഥമിക അന്വേഷണത്തില്‍ വാടകവീട്ടില്‍ മന്ത്രവാദം നടന്നതായി സൂചന ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, സാമ്പത്തിക വിഷയത്തിലുള്ള തര്‍ക്കമാണോ ആരോപണത്തിന് പിന്നിലെന്നും അന്വേഷിക്കുന്നുണ്ട്. വിശദമായ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കും.
Discussion about this post