ഇത് അവന്റെ അഭിനയമെന്ന് അധ്യാപിക, നിർബന്ധിച്ചു നടത്തിച്ചു; ക്രൂരത ഇടതു കാലിന്റെ എല്ലുകൾ മൂന്നിടത്ത് ഒടിഞ്ഞ് അവശനിലയിലായ 3-ാം ക്ലാസുകാരനോട്

കാക്കനാട്: ക്ലാസ്‌റൂമിൽ കളിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞ മൂന്നാം ക്ലാസുകാരനെ അധ്യാപിക നിർബന്ധിച്ച് നടത്തിച്ചതായി പരാതി. ഇടതു കാലിന്റെ എല്ലുകൾ മൂന്നിടത്ത് പൊട്ടിയ കുഞ്ഞിനെയാണ് അവന്റെ അഭിനയമെന്ന് ആരോപിച്ച് അധ്യാപിക നടത്തിച്ചത്. ശേഷം, അവശനായ കുട്ടിയെ വീട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. കാലിൽ പ്ലാസ്റ്റർ ഇട്ട കുട്ടിക്ക് ഒന്നര മാസത്തെ വിശ്രമം ഡോക്ടർ നിർദേശിച്ചു.

കാക്കനാട് എൻ.ജി.ഒ. ക്വാർട്ടേഴ്‌സ് ഭാഗത്തു താമസിക്കുന്ന വീട്ടമ്മയായ സംഗീതയാണ് അധ്യാപികയ്‌ക്കെതിരെ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ, ജില്ലാ കളക്ടർ രേണു രാജ് അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന എട്ടുവയസ്സുകാരനാണ് ചികിത്സയിൽ കഴിയുന്നത്.

school teacher | Bignewslive

16-ന് ടീച്ചർ ഇല്ലാത്ത സമയത്ത് ക്ലാസിൽ ഓടി കളിക്കുന്നതിനിടെയാണ് കുട്ടി വീണത്. കരച്ചിൽ കേട്ട് വന്ന ക്ലാസ് ടീച്ചർ പ്രാഥമിക ചികിത്സ പോലും നൽകാൻ തയ്യാറായില്ല. കുട്ടിയുടേത് അഭിനയമാണെന്ന് അധിക്ഷേപിക്കുകയും നിർബന്ധിച്ച് താഴത്തെ നിലയിലേക്ക് നടത്തിക്കുകയുമായിരുന്നു. എന്നാൽ, അപകടത്തെ കുറിച്ച് ക്ലാസ് ടീച്ചറോ, പ്രധാന അധ്യാപികയോ വീട്ടുകാരെ അറിയിച്ചില്ല.

വാൻ ഡ്രൈവറാണ് വിവരം അറിയിച്ചത്. ആ സമയം, കാലിന് നീരുവെച്ച അവസ്ഥയിലുമായിരുന്നു. ആശുപത്രിയിലെത്തിച്ച് എക്‌സ്‌റേ എടുത്തപ്പോഴാണ് എല്ലുകൾ മൂന്നിടത്ത് പൊട്ടിയതായി കണ്ടെത്തിയത്. കുട്ടിയെ നടത്തിച്ചതു കാരണം എല്ലുകൾക്ക് വിടവുണ്ടാവുകയും ഒടിവ് കൂടുകയും ചെയ്‌തെന്നും പരാതിയിലുണ്ട്.

Exit mobile version