തൃശ്ശൂർ: കാൻസർ രോഗിയായ ലോട്ടറി വിൽപ്പനക്കാരിയുടെ പഴ്‌സും പണവും മോഷ്ടിച്ച സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. സ്വകാര്യ ബസ് ഡ്രൈവറായ ജോയ് ആണ് തൃശൂർ പാട്ടുരായ്ക്കലിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന യുവതിയുടെ പഴ്‌സ് മോഷ്ടിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മോഷണം നടന്നത്.
പഴ്‌സിനകത്ത് സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് മാറ്റിയെടുക്കാൻ വരുന്നവർക്ക് കൊടുക്കുന്നതിനായി കരുതിയിരുന്ന 30,000 രൂപയും, സമ്മാനാർഹമായ 3000 രൂപയുടെ ലോട്ടറി ടിക്കറ്റുകളും ഉണ്ടായിരുന്നു. ലോട്ടറി വാങ്ങാനെന്ന വ്യാജേന അടുത്ത് എത്തിയാണ് പഴ്‌സ് കൈക്കലാക്കി ഓടിപോയത്.
സമീപത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്ന് പരിസരമാകെ നോക്കിയെങ്കിലും ആളെ കണ്ടുകിട്ടിയില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ലോട്ടറി വിൽപ്പനക്കാരി പറഞ്ഞ അടയാള വിവരങ്ങളുള്ള ഒരാൾ പാട്ടുരായ്കൽ ഭാഗത്ത് വേഗത്തിൽ ഓടിപ്പോകുന്നതും, പിന്നീട് ഓട്ടോറിക്ഷയിൽ കയറുന്നതുമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.
ഇതിനെത്തുടർന്നാണ് പ്രതിയിലേക്കെത്തിയത്. പൊന്നൂക്കര സ്വദേശി പൂനത്ത് വീട്ടിൽ പി.ജെ. ജോയ് ആണ് പ്രതി.തൃശൂരിലെ സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് ഇയാൾ. ജോലിയില്ലാത്ത സമയം നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടന്ന് മോഷണം ആണ് പതിവെന്ന് പോലീസ് പറയുന്നു.
Discussion about this post