മലപ്പുറം: അര്‍ജന്റീന ലോകകപ്പ് നേടിയ സന്തോഷത്തില്‍ സ്കൂളിന് ഭൂമി വാങ്ങാന്‍ സഹായവുമായി എത്തി മലപ്പുറത്തെ അര്‍ജന്റീന ആരാധകര്‍. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം മേല്‍മുറി ജിഎംഎല്‍പി സ്കൂളിന്റെ വികസനത്തിനാണ് ആരാധകരുടെ സ്നേഹക്കൂട്ടായ്മ ഒരുമിച്ചത്.
മേല്‍മുറി അധികാര്തൊടിയിലെ അര്‍ജന്റീന ആരാധകരാണ് വിജയാഘോഷത്തിന്റെ തുകയടക്കം സ്കൂളിനായി മാറ്റിവച്ചത്. അര്‍ജന്റീന കപ്പ് നേടിയ സന്തോഷത്തില്‍ ബിരിയാണിക്കും പടക്കത്തിനുമായി ചിലവാക്കേണ്ട തുകയും പദ്ധതിക്കായി മാറ്റിവക്കുകയായിരുന്നു.
സ്കൂളിനായി പുതിയ കെട്ടിടവും ഗ്രൗണ്ടും നിര്‍മ്മിക്കാനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനാണ് നൂറു രൂപ ചലഞ്ച് നടത്തുന്നത്. ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂള്‍ മൂന്ന് കോമ്പൗണ്ടുകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ രണ്ടും വാടക കെട്ടിടങ്ങളാണ്. പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ കണ്ടെത്തിയ 1.75 ഏക്കര്‍ സ്ഥലം വാങ്ങാനാണ് നൂറു രൂപ ചലഞ്ച് നടത്തുന്നത്. മാര്‍ച്ച് മാസത്തിനുള്ളില്‍ 2.25 കോടി രൂപ കണ്ടെത്തിയാല്‍ മാത്രമേ സ്ഥലം വാങ്ങാന്‍ കഴിയുള്ളു.
സ്ഥലം സ്വന്തമായുണ്ടെങ്കില്‍ കെട്ടിട നിര്‍മ്മാണത്തിന് സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിക്കും. സ്കൂള്‍ പിടിഎയുടെയും സ്കൂള്‍ വികസന സമിതിയുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അര്‍ജന്റീന ആരാധകരുടെ ഈ മുന്നേറ്റത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. നിലവില്‍ ഒരു ലക്ഷത്തോളം രൂപ സമാഹരിച്ചിട്ടുണ്ട്.
Discussion about this post