പത്തനംതിട്ട: മഹിളാ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ വിബിത ബാബു ലക്ഷങ്ങൾ വാങ്ങി തന്നെ കബളിപ്പിച്ചതായി അമേരിക്കൻ മലയാളിയുടെ പരാതി. കോട്ടയം കടുത്തുരുത്തി സ്വദേശി സെബാസ്റ്റിയനാണ് വിബിതയ്ക്കെതിരെ തിരുവല്ല പോലീസിൽ പരാതി നൽകിയത്. വിവിധ ഘട്ടങ്ങളിലായി 14.16 ലക്ഷം രൂപ വിബിത ബാബു വാങ്ങിയതായും ഇത് തിരികെ തരാതെ കബളിപ്പിക്കുകയാണെന്നുമാണ് സെബാസ്റ്റിയന്റെ പരാതി.
എറണാകുളത്തെ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് വിബിതയെ ആദ്യം പരിചയപ്പെടുന്നത്, പിന്നീട് സൗഹൃദമായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്ത് സാമ്പത്തികസഹായം ചോദിച്ചു. ഇതനുസരിച്ച് വിബിതയുടെയും പിതാവിന്റെയും പേരിൽ പണം കൈമാറി. ശേഷം വിവിധ കാരണങ്ങൾ പറഞ്ഞ് ഇതുവരെ 14.16 ലക്ഷം രൂപ വാങ്ങിയെടുത്തു.
ഇത് തിരികെ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. അതേസമയം, തനിക്കെതിരേ വഞ്ചനാക്കേസ് നൽകിയ സെബാസ്റ്റ്യനെതിരേ വിബിത ബാബുവും പരാതി നൽകി രംഗത്ത് വന്നു. തനിക്കെതിരായ പരാതി നൽകാൻ പോകുന്നതിന് മുമ്പ് ഇയാൾ ഓഫീസിൽ വന്ന് മോശമായി പെരുമാറിയെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് വിബിതയുടെ ആരോപണം.
തനിക്ക് വഴങ്ങിയില്ലെങ്കിൽ പരാതി നൽകുമെന്ന് 75-കാരൻ ഭീഷണിപ്പെടുത്തിയതായും വിബിത ആരോപിക്കുന്നു. തനിക്ക് ലഭിച്ച പണത്തിന്റെ ഒരു വിഹിതം നിയമോപദേശത്തിന്റെ പ്രതിഫലമാണെന്നാണം വിബിത പറയുന്നു.
Discussion about this post