നെടുമ്പാശേരി: പാതിരാത്രിയില്‍ ബുള്ളറ്റുമായി അപകടകരമായ രീതിയില്‍ റൈഡ് നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ശനിയാഴ്ച രാത്രി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള പരിസരങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്ലസ്ടു വിദ്യാര്‍ത്ഥികളെ പിടികൂടിയത്. മൂന്ന് വിദ്യാര്‍ത്ഥികള്‍ ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്നു.
18 വയസ്സില്‍ താഴെയുള്ള തൃശ്ശൂര്‍ മാള സ്വദേശികളാണ് മൂന്നുപേരും. ഇവര്‍ പ്ലസ് ടുവിന് ഒരേ ക്ലാസില്‍ പഠിക്കുന്നവരാണ്. പതിവായി രാത്രി ഭക്ഷണംകഴിഞ്ഞ് വീടുകളില്‍ ഉറങ്ങാന്‍ കിടന്നശേഷം രാത്രി 12-ഓടെ വീട്ടുകാര്‍ അറിയാതെ വാഹനമെടുത്ത് ഇറങ്ങുന്നതാണ് ഇവരുടെ പതിവ്. ഇത്തരത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് എത്തിയപ്പോഴാണ് പിടിയിലായത്.
മൂവരും വീട്ടുകാരറിയാതെയാണ് പുറത്തെത്തിയത്. പുലര്‍ച്ചെ വീട്ടുകാര്‍ ഉണരുന്നതിന് മുന്‍പ് തിരിച്ചെത്തുന്നതാണ് ഇവരുടെ രീതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്നുപേരുടെയും രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തി കേസെടുത്ത ശേഷം വിട്ടയച്ചു.
അേേതസമയം, വിമാനത്താവളത്തിന്റെ പരിസരങ്ങളിലൂടെയുള്ള റോഡുകളില്‍ രൂപമാറ്റം വരുത്തിയ മോട്ടോര്‍സൈക്കിള്‍, കാറുകള്‍ എന്നിവയുമായി അമിത വേഗത്തിലും അപകടകരമായും റൈഡ് നടത്തുന്നവരെയാണ് എംവിഡി നോട്ടമിടുന്നത്. ഈ വീഡിയോകള്‍ തത്സമയം വീഡിയോ റെക്കോര്‍ഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന നിരവധി വിദ്യാര്‍ത്ഥികളുണ്ടെന്നാണ് കണ്ടെത്തല്‍. ഇവരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചുവരികയാണ്.
രാത്രിയില്‍ ദേശീയപാതയിലൂടെയും പരിസരത്തുള്ള റോഡുകളിലൂടെയും അതിവേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ കണ്ടെത്തുന്നതിനും വാഹന വകുപ്പ് പ്രത്യേക പരിശോധന സംഘടിപ്പിക്കുന്നുണ്ട്.
എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എസ്പി സ്വപ്നയുടെ നിര്‍ദേശപ്രകാരം വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എംപി ഇന്ദുധരന്‍ ആചാരി, അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ നിഷാന്ത് ചന്ദ്രന്‍, എംബി.ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Discussion about this post