നെടുമ്പാശ്ശേരി: വീട്ടുകാരറിയാതെ അർധരാത്രിയിൽ വണ്ടിയും എടുത്ത് അപകടകരമായ രീതിയിൽ ഓടിച്ച പ്ലസ് ടു വിദ്യാർത്ഥികൾ പിടിയിൽ. ശനിയാഴ്ച രാത്രി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള പരിസരങ്ങളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിലാണ് ബുള്ളറ്റിൽ മൂന്നുപേർ യാത്ര ചെയ്യുന്നത് കണ്ടെത്തിയത്. 18 വയസ്സിൽ താഴെയുള്ള തൃശ്ശൂർ മാള സ്വദേശികളായ മൂന്നുപേരും പ്ലസ് ടുവിന് ഒരേ ക്ലാസിൽ പഠിക്കുന്നവരാണെന്ന് പരിശോധനയിൽ നിന്ന് വ്യക്തമായി.
രാത്രി ഭക്ഷണംകഴിഞ്ഞ് വീടുകളിൽ ഉറങ്ങാൻ കിടന്നശേഷം രാത്രി 12-ഓടെ വീട്ടുകാർ അറിയാതെയാണ് സംഘം വണ്ടിയുമെടുത്ത് ഇറങ്ങിയത്. മാതാപിതാക്കൾ ഉണരുന്നതിന് മുൻപ് തിരിച്ചെത്താനായിരുന്നു ഇവർ ലക്ഷ്യമിട്ടത്. എന്നും പതിവ് രീതി ഇതാണെന്നും ചോദ്യം ചെയ്യലിൽ നിന്നും വ്യക്തമായി. ശേഷം, മൂന്നുപേരുടെയും രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി കേസെടുത്തശേഷം അവരോടൊപ്പം വിട്ടയക്കുകയായിരുന്നു.
വിമാനത്താവളത്തിന്റെ പരിസരങ്ങളിലൂടെയുള്ള റോഡുകളിൽ രൂപമാറ്റം വരുത്തിയ മോട്ടോർസൈക്കിൾ, കാറുകൾ എന്നിവ അമിത വേഗത്തിലും അപകടകരമായും ഓടിച്ച് തത്സമയം വീഡിയോ റെക്കോഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി നടപടി സ്വീകരിച്ചുവരികയാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിക്കുന്നു.