കൊച്ചി: സര്‍ക്കാരും വിവിധ സാമുദായിക സംഘടനകളും ചേര്‍ന്ന് സംഘടിപ്പിച്ച വനിതാമതില്‍ പൊളിഞ്ഞെന്ന് വരുത്താന്‍ ക്യാംപെയ്നുമായി സംഘപരിവാര്‍.
ശബരിമല ന്യൂസ് അപ്ഡേറ്റ്സ് എന്ന സംഘപരിവാറിന്റെ ഫേസ്ബുക്ക് പേജിലൂടെയും ഏഷ്യാനെറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ ശ്യാംകുമാര്‍ അടക്കമുളള മാധ്യമപ്രവര്‍ത്തകരുടെയും ഫേസ്ബുക്ക് പേജുകളിലൂടെയും ആര്‍എസ്എസ് പ്രവര്‍ത്തകരും വനിതാ മതില്‍ പൊളിഞ്ഞെന്ന തരത്തില്‍ വ്യാജപ്രചരണം നടത്തുകയാണ്.
ശബരിമല യുവതി പ്രവേശനത്തിനെതിരെയും സര്‍ക്കാരിനെതിരെയും നിരന്തര പ്രചാരണങ്ങള്‍ നടത്തിയ പേജില്‍ നിന്നും വനിതാ മതിലിനെതിരായി ധാരാളം വീഡിയോകളും ഫോട്ടോകളുമാണ് ഇന്ന് വൈകുന്നേരം മുതല്‍ പ്രചരിച്ച് തുടങ്ങിയത്.
ഇതില്‍ വനിതാ മതിലിന്റെ ട്രയല്‍ തുടങ്ങുന്നതിന് മുന്നോടിയായുളള വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചാണ് വനിതാ മതിലില്‍ ആളില്ലെന്നും പൊളിഞ്ഞെന്നുമുളള പ്രചാരണങ്ങള്‍ അരങ്ങേറുന്നത്. നാലുമണിക്ക് തുടങ്ങുന്ന വനിതാ മതിലിന് മൂന്നുമണിക്ക് തന്നെ ബൈക്കില്‍ സഞ്ചരിച്ച് വീഡിയോ പിടിക്കുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെയും അത് ചോദ്യം ചെയ്യുന്നവരുടെയും വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ബിജെപി അനുകൂല ഫേസ്ബുക്ക് പേജുകളിലും വാട്സ് അപ് ഗ്രൂപ്പുകളിലും പൊളിഞ്ഞ മതില്‍ കാഴ്ചകള്‍ നിറയുകയാണ്.
കൊല്ലത്ത് നിന്നുളള ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വനിതാ മതില്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ഇത്തരത്തില്‍ വനിതാമതില്‍ തുടങ്ങുന്നതിന് മുമ്പെയുളള വീഡിയോകളും ചിത്രങ്ങളുമാണ് സംഘപരിവാര്‍ അനുകൂല പേജുകളിലൂടെയും അല്ലാതെയും പ്രചരിപ്പിക്കപ്പെടുന്നത്.
വനിതാമതിലിനെതിരെയുളള ഫോട്ടോകള്‍ പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെയാണുളളതെന്ന് ചൂണ്ടിക്കാട്ടിയും പരിപാടി തുടങ്ങിയതിന് ശേഷമുളള ഫോട്ടോകള്‍ ചൂണ്ടിക്കാട്ടിയും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഹിന്ദുവിശ്വാസികളായ സ്ത്രീകള്‍ മതിലില്‍നിന്ന് കൂട്ടത്തോടെ വിട്ടുനില്‍ക്കുകയാണുണ്ടായത്. തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങള്‍ ഒഴികെ സംസ്ഥാനത്തിന്റെ മറ്റ് ജില്ലകളിലൊന്നും തന്നെ മതിലിന് പ്രതീക്ഷിച്ചത്ര ജനപങ്കാളിത്തമുണ്ടായിരുന്നില്ല എന്നുമൊക്കെയാണ് സംഘി ഭാവന.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന സന്ദേശവുമായി ഇന്ന് വൈകിട്ട് നാല് മണിക്ക് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ ദൂരത്തിലാണ് മതില്‍ തീര്‍ത്തത്. ആദ്യ കണ്ണിയായി മന്ത്രി ശൈലജ ടീച്ചറും അവസാന കണ്ണിയായി വൃന്ദ കാരാട്ടും അണിനിരന്നു
Discussion about this post