അമ്പലപ്പാറ: ലോകകപ്പ് കിരീടം അര്‍ജന്റീന സ്വന്തമാക്കിയത് വിവിധ തരത്തിലാണ് ആരാധകര്‍ ആഘോഷിക്കുന്നത്. മധുരം നല്‍കിയും ബിരിയാണി വിതരണം ചെയ്തും ഒക്കെയുള്ള ആഘോഷങ്ങള്‍ക്ക് പിന്നാലെ, ഇപ്പോഴിതാ അര്‍ജന്റീന ആരാധകനായ മത്സ്യവ്യാപാരി സെയ്തലവിയും വ്യത്യസ്തമായാണ് വിജയമാഘോഷിച്ചത്.
പാലക്കാട് അമ്പലപ്പാറയില്‍ സൗജന്യമായി മത്തിവിതരണം ചെയ്താണ് സെയ്തലവി അര്‍ജന്റീനയുടെ വിജയം കെങ്കേമമായി ആഘോഷിച്ചത്. ഏകദേശം 200 കിലോഗ്രാമിനടുത്ത് മത്തിയാണ് സൗജന്യമായി വിതരണംചെയ്തതെന്ന് അമ്പലപ്പാറ ആശുപത്രിപ്പടി കാളിയംപറമ്പില്‍ സെയ്തലവി (41) പറഞ്ഞു.
പാലക്കാട് മീന്‍ മാര്‍ക്കറ്റില്‍ നിന്നെടുത്ത മത്തി അമ്പലപ്പാറയിലെത്തിച്ച് സെന്ററില്‍വെച്ചായിരുന്നു വിതരണം. ഇതിനിടെ അര്‍ജന്റീനാ ആരാധകര്‍ക്ക് വീടുകളിലെത്തിയും വിതരണംചെയ്തു. രണ്ടുമണിക്കൂറുകൊണ്ട് നൂറിലേറെപേര്‍ക്ക് മീന്‍ നല്‍കി.
‘അര്‍ജന്റീനയുടെ ജയമറിഞ്ഞ നിമിഷംമുതല്‍ തന്റെ സന്തോഷം എല്ലാവരുമായും പങ്കുവെക്കണം എന്നാഗ്രഹിച്ചു. അതിനൊരു വഴിയെന്ന നിലയ്ക്കാണ് ഉപജീവനമാര്‍ഗമായ മീന്‍വില്‍പനതന്നെ തിരഞ്ഞെടുത്തത്’- എന്നാണ് സെയ്തലവി പറയുന്നത്.
10 വര്‍ഷത്തിലേറെയായി മത്സ്യവ്യാപാരിയാണ് സെയ്തലവി. അമ്പലപ്പാറ, വേങ്ങശ്ശേരി, ആലങ്ങാട്, ചെറുമുണ്ടശ്ശേരി ഭാഗങ്ങളില്‍ മീന്‍ വില്‍ക്കുകയാണ് പതിവായി. ആശുപത്രിപ്പടി ഫീനിക്സ് ക്രിക്കറ്റ് ക്ലബ്ബ് അംഗം കൂടിയായ സെയ്തലവി മിമിക്രി കലാകാരനുമാണ്.