തിരുവനന്തപുരം: ട്രെയിന്‍ തട്ടി പരിക്കേറ്റ് അബോധാവസ്ഥയിലായ വയോധികയെയും തോളിലേറ്റി സിവില്‍ പൊലീസ് ഓഫിസര്‍ ഓടിയത് 250 മീറ്ററോളം. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. അയിര ചൂരക്കുഴി വീട്ടില്‍ കുഞ്ഞി(80) ആണ് മരിച്ചത്.
പാറശാല റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സിപിഒ വൈശാഖ് ആണ് കുഞ്ഞിയുടെ ജീവന് രക്ഷിക്കാനാവുമെന്ന പ്രതീക്ഷയില്‍ തോളിലേറ്റി ഓടിയത്. എന്നാല്‍ പ്രതീക്ഷകളെല്ലാം മാറി മറിഞ്ഞ് കുഞ്ഞി യാത്രയായി. ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം.
also read; മാനഹാനി ഭയന്ന് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചു: ആറ് മാസത്തിന് ശേഷം വീണ്ടെടുത്ത് ദമ്പതികള്‍
പരശുവയ്ക്കല്‍ റെയില്‍വേ ട്രാക്കിനു സമീപത്തായാണ് വയോധികയെ അബോധാവസ്ഥയില്‍ കണ്ടത്. വയോധികയെ തട്ടിയ ട്രെയിനിന്റെ ലോക്കോ പൈലറ്റ് നല്കിയ വിവരത്തെത്തുടര്‍ന്നാണ് വൈശാഖ് അപകട സ്ഥലത്ത് എത്തുന്നത്. ട്രാക്കിനു സമീപത്തെ പുല്ലില്‍ ബോധമില്ലാതെ കിടന്ന വയോധികയെ പരിശോധിച്ചപ്പോള്‍ നാഡിമിടിപ്പ് നിലച്ചിരുന്നില്ല.
also read: അന്ന് ജഴ്സിയണിഞ്ഞ് നിറവയറിൽ ഫോട്ടോഷൂട്ട്; മെസി കപ്പിൽ മുത്തമിടുന്നത് കാണാൻ ഇമയും എത്തി
ആംബുലന്‍സ് എത്തുമ്പോഴേക്കും ജീവന് ആപത്ത് സംഭവിക്കുമെന്ന് തിരിച്ചറിഞ്ഞ വൈശാഖ് വയോധികയെ പൊലീസ് വാഹനത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ട്രാക്കില്‍ നിന്ന് റോഡിലേക്ക് വ്യക്തമായി വഴിയില്ലായിരുന്നു.
അതിനാല്‍ പോലീസ് വാഹനത്തിന് ട്രാക്കിന് അടുത്തെത്താന്‍ കഴിയില്ലായിരുന്നു. തുടര്‍ന്ന് ജീവന് രക്ഷിക്കാന്‍ വയോധികയെ തോളിലേറ്റുകയായിരുന്നു വൈശാഖ്. പാറശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. കുഞ്ഞി വീട്ടില്‍ നിന്ന് ഇറങ്ങി നടന്ന് വഴി തെറ്റി ട്രാക്കിലേക്ക് കയറിയതാണെന്നു സംശയിക്കുന്നു. തലയില്‍ സാരമായി പരുക്കേറ്റിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
Discussion about this post