തിരുവനന്തപുരം: മാനഹാനി ഭയന്ന് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തേടി മാതാപിതാക്കള്‍ എത്തി. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലായിരുന്ന പെണ്‍കുഞ്ഞിനെ അവര്‍ക്ക് തിരികെ നല്കി. ശിശുക്ഷേമ സമിതിയ്ക്ക് ലഭിച്ച അപേക്ഷ പരിഗണിച്ചാണ് മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ കൈമാറിയത്.
ആറുമാസത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞുവാവ അവളുടെ അമ്മയുടെ ചൂടറിഞ്ഞു. കുഞ്ഞിന്റെ നെറുകയില്‍ അമ്മയുടെ ആനന്ദക്കണ്ണീര് മുത്തം. ശിശുക്ഷേമ സമിതിയില്‍ നിന്ന് കൊണ്ടുവന്ന കുഞ്ഞിനെ സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ ഷാനിബ ബീഗമാണ് മാതാപിതാക്കള്‍ക്ക് കൈമാറിയത്. ഒന്നരമാസത്തിലാണ് ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്.
വിവാഹത്തിനു മുമ്പ് ഗര്‍ഭം ധരിച്ച കുഞ്ഞിനെ സദാചാര ആക്രമണം ഭയന്നാണ് ദമ്പതികള്‍ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചത്. വിവാഹം നടക്കുമ്പോള്‍ കുഞ്ഞിന്റെ അമ്മ എട്ട് മാസം ഗര്‍ഭിണിയായിരുന്നു. ഇതിനുശേഷം ദമ്പതികള്‍ തിരുവനന്തപുരത്തേക്ക് താമസം മാറ്റി.
Read Also: https://www.bignewslive.com/news/kerala-news/318591/ullas-pandalams-wife-found-dead-at-home/
കഴിഞ്ഞ മെയില്‍ കുഞ്ഞിനെ പ്രസവിക്കുന്നത്. ജൂലൈ 17നാണ് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ചതിനു ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയായിരുന്നു ദമ്പതികള്‍. തുടര്‍ന്നാണ് ദമ്പതികള്‍ ശിശുക്ഷേമ സമിതിയെ സമീപിച്ചത്. ശേഷം ഡിഎന്‍എ പരിശോധനകള്‍ അടക്കം നടത്തിയതിനു ശേഷമാണ് കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറിയത്.
ആറുമാസത്തിനുശേഷം അച്ഛന്റെയും പെറ്റമ്മയുടെയും കൈകളില്‍ മടങ്ങിയെത്തിയപ്പോള്‍ അപരിചിതത്വം ഒട്ടുമില്ലായിരുന്നു. ഇരുവരെയും മാറിമാറി നോക്കി ചെറുചിരിയോടെ അവള് കിടന്നു.
Discussion about this post