അർജന്റീനയുടെ ജഴ്സിയണിഞ്ഞ് നിറവയറിൽ നടത്തിയ മലപ്പുറം സ്വദേശിനിയായ സോഫിയയുടെ ഫോട്ടോഷൂട്ട് വൈറലായിരുന്നു. ആരാധകർ ഇരുകൈയും നീട്ടിയാണ് ഫോട്ടോഷൂട്ട് ഏറ്റെടുത്തത്. ഇപ്പോൾ ഫിഫ ലോകകപ്പിൽ മെസി മുത്തമിട്ടപ്പോൾ ആ രംഗം കാണാൻ സോഫിയക്കൊപ്പം ഇവരുടെ മകൾ ഇമയുമുണ്ടായിരുന്നു.
രഞ്ജിത്തിന്റെ ഭാര്യയാണ് സോഫിയ. തന്റെ പ്രിയതമയ്ക്ക് മെസിയോടും അർജന്റീനയോടുമുള്ള ഇഷ്ടം തിരിച്ചറിഞ്ഞാണ് അർജന്റീനയുടെ ജഴ്സിയിൽ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ഒരുക്കിയത്. പ്രസവ ഡേറ്റിന് ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് ഫോട്ടോഷൂട്ട് നടത്തിയത്. നിറവയറിൽ മെസിയുടെ ജേഴ്സിയണിഞ്ഞ് ഫുട്ബോളും കൈകളിലേന്തി നിറചിരിയോടെ നിൽക്കുന്ന സോഫിയയുടെ ചിത്രം കാൽപ്പന്തു പ്രേമികൾ ഞൊടിയിടയിലാണ് ഏറ്റെടുത്തത്.
ഇപ്പോൾ സോഫിയയുടെ ഇഷ്ടതാരവും സംഘവും കപ്പടിക്കുമ്പോൾ കുഞ്ഞാവയും സോഫിയയ്ക്കൊപ്പമിരുന്ന് കാണുന്നുണ്ട്. അന്ന് ആ മെറ്റേണിറ്റി ഷൂട്ട് നടക്കുമ്പോൾ ഞങ്ങൾ പ്രതീക്ഷിച്ചത് ഒരു ‘കുഞ്ഞു മെസിയെയാണ്.’ പക്ഷേ ദൈവം ഞങ്ങൾക്ക് തന്നത് ഒരു ‘മേഴ്സിയെയാണ്’. മെസിയായാലും മേഴ്സിയായാലും ഇവൾ ഞങ്ങളുടെ ‘ലക്കി ചാം’ ആണെന്ന് ഇപ്പോൾ മനസിലായില്ലേ എന്ന് സോഫിയ പറയുന്നു.
ഫൈനലിൽ അർജന്റീന എത്തിയപ്പോൾ തന്നെ ഞാനും സോഫിയും ആവേശത്തിലായി. കുഞ്ഞിനു വേണ്ടി പ്രത്യേകം പത്താം നമ്പർ ജഴ്സി പറഞ്ഞു ചെയ്യിച്ചു. അതും ധരിച്ചാണ് അമ്മയൊടൊപ്പം മകളും ഫൈനലിന് ഒരുങ്ങിയതെന്ന് ഭർത്താവ് രഞ്ജിത്തും പറയുന്നു. ഇമയെന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്.
കളിയുടെ ആവേശമോ അമ്മയ്ക്ക് മെസിയോയുള്ള ഇഷ്ടമോ തിരിച്ചറിയാനുള്ള തിരിച്ചറിവ് ആയില്ലെങ്കിലും കളി കാണാൻ ഞങ്ങൾക്കൊപ്പം രാത്രിയിൽ അവളും ഉണർന്നിരുന്നു. അല്ലെങ്കിൽ ആ സമയങ്ങളിൽ നല്ല സുഖമായി ഉറങ്ങുന്നയാളാണ് കക്ഷി. ഒടുവിൽ നഖം കടിച്ച് ടെൻഷനടിച്ച് ഷൂട്ടൗട്ട് പൂർത്തിയാക്കി വിജയകിരീടം ഉറപ്പിക്കുമ്പോഴും കൊഞ്ചിച്ചിരിച്ച് അവളും ഞങ്ങളുടെ കൂടെ കൂടിയെന്ന് സോഫിയ സന്തോഷം നിറച്ചുകൊണ്ട് പറയുന്നു.