തൃശൂര്‍: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ മതില്‍ ചരിത്ര സംഭവമാക്കിയ കേരളത്തിലെ സ്ത്രീസമൂഹത്തെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യം ഒരു മാസം കൊണ്ടാണ് 620 കി.മീറ്റര്‍ ദൂരം വന്‍മതില്‍ തീര്‍ക്കുന്നതിനുളള പ്രവര്‍ത്തനം നടത്തിയത്. ഇതിനെ പങ്കാളിത്തം കൊണ്ട് വിസ്മയം ആക്കിയ, സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും കേരളത്തിലെ സ്ത്രീസമൂഹത്തിനും അഭിനന്ദനങ്ങള്‍ നേരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും ലിംഗനീതി നിഷേധിക്കാനുളള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും സ്ത്രീകള്‍ നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ മുന്നേറ്റമായി വനിതാ മതില്‍ മാറി. നവോത്ഥാന മൂല്യങ്ങളും സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും നിഷേധിക്കാന്‍, സംഘടിതമായി ശ്രമിക്കുന്ന യാഥാസ്ഥിതിക-വര്‍ഗീയ ശക്തികള്‍ക്ക് വലിയൊരു താക്കീതാണ് വനിതാമതിലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേയ്‌സ് ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രി അഭിവാദ്യം അര്‍പ്പിച്ചത്.
ഫേയ്‌സ് ബുക്ക് പോസ്റ്റ്:
‘നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിപ്പിച്ച വനിതാ മതില്‍ വിസ്മയിപ്പിക്കുന്ന പങ്കാളിത്തം കൊണ്ട് ചരിത്ര സംഭവമാക്കിയ കേരളത്തിലെ സ്ത്രീസമൂഹത്തെ അഭിവാദ്യം ചെയ്യുന്നു. കൃത്യം ഒരു മാസം കൊണ്ടാണ് 620 കി.മീറ്റര്‍ ദൂരം സ്ത്രീകളുടെ വന്‍മതില്‍ തീര്‍ക്കുന്നതിനുളള പ്രവര്‍ത്തനം നടത്തിയത്. വനിതാ മതില്‍ സമാനതകളില്ലാത്ത സ്ത്രീമുന്നേറ്റമാക്കുന്നതിന് പിന്തുണ നല്‍കിയ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും ലിംഗനീതി നിഷേധിക്കാനുളള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും സ്ത്രീകള്‍ നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ മുന്നേറ്റമായി വനിതാ മതില്‍ മാറി.
നവോത്ഥാന മൂല്യങ്ങളും സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും നിഷേധിക്കാന്‍ സംഘടിതമായി ശ്രമിക്കുന്ന യാഥാസ്ഥിതിക-വര്‍ഗീയ ശക്തികള്‍ക്ക് വലിയൊരു താക്കീതാണ് വനിതാമതില്‍. കേരളത്തിലെ സ്ത്രീസമൂഹം പുരോഗമന ചിന്തയ്‌ക്കൊപ്പമാണെന്നതിന്റെ മഹാവിളംബരമായി വനിതാ മതില്‍ മാറി. എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ സ്ത്രീസമൂഹം ഒന്നാകെ വനിതാ മതിലിനൊപ്പം നിന്നു. എതിര്‍പ്പുകളെയും അപവാദ പ്രചാരണങ്ങളെയും അവഗണിച്ച് വനിതാ മതിലില്‍ അണിചേര്‍ന്ന സ്ത്രീസമൂഹം കേരളത്തിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തിയിരിക്കയാണ്.’